ദോഹ: ഖത്തർ ലോകകപ്പിൽ ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ഗോളുകളുടെ ജയമാണ് ബ്രസീൽ നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോൾ നേടിയത്. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയ ക്രൊയേഷ്യയാണ് ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ.
മത്സരത്തിന്റെ ആദ്യ പകുതിയിലെ ഏഴാം മിനിറ്റിൽ തന്നെ കാനറികൾ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്സിന്റെ വലതുഭാഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് സ്വീകരിച്ച വിനീഷ്യസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു. 10-ാം മിനിറ്റിൽ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകർത്ത് കൊണ്ട് റിച്ചാർലിസണെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു.
ബ്രസീലിനായി ലീഡുയർത്തിയ നെയ്മർ ഖത്തർ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ നേടി. മനോഹരമായി 16-ാം മിനിറ്റിൽ വാംഗ് ഹീ ചാന്റെ കാലിൽ നിന്ന് പറന്ന ലോംഗ് ഷോട്ട് ബ്രസീലിയൻ ഗോൾ കീപ്പർ അലിസണെ ഒന്ന് വിറപ്പിച്ചു. പന്ത് കൈവശമുള്ളപ്പോൾ മൂന്നോ നാലോ താരങ്ങൾ വരെ മുന്നോട്ട് കയറി ഒരു ഗോൾ മടക്കാനുള്ള നിരന്തര ശ്രമം കൊറിയൻ നിര തുടർന്നു.
29-ാം മിനിറ്റിൽ റിച്ചാർലിസൺ ബ്രസീലിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി. മാർക്വീഞ്ഞോസ് – തിയാഗോ സിൽവ – റിച്ചാർലിസൺ എന്നിവരുടെ പാസിംഗ് മികവാണ് ഗോളിൽ കലാശിച്ചത്. 36-ാം മിനിറ്റിൽ പക്വേറ്റയിലൂടെ നാലാം ഗോളും പിറന്നു.
Read Also:- അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ദക്ഷിണ കൊറിയയുടെ മികച്ച ഒരു ആക്രമണത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. സൺ ഹ്യൂംഗ് മിന്നിന്റെ ഷോട്ട് മുന്നോട്ട് കയറിയെത്തിയ അലിസൺ രക്ഷപ്പെടുത്തി. 76-ാം മിനിറ്റിൽ വീണ് കിട്ടിയ അവസരം പൈക്ക് സ്യുംഗ് ഹോ മുതലാക്കി. തുടർന്നും ബ്രസീൽ ഗോൾ മുഖത്ത് ദക്ഷിണ കൊറിയ ആക്രമണങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ മുതലെടുക്കാൻ സാധിച്ചില്ല.
Post Your Comments