അബുജ: നൈജീരിയയിൽ ഇമാം ഉൾപ്പെടെ 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി. മൈഗാംജി പള്ളിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ബണ്ഡിറ്റുകൾ എന്നറിയപ്പെടുന്ന ആയുധധാരികളായ സംഘങ്ങളാണ് മുസ്ലീം പള്ളി ആക്രമിച്ചത്. നിരവധിപേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. മോചനദ്രവ്യത്തിനായി ജനങ്ങളെ ആക്രമിക്കുകയോ കൊല്ലുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്ന സായുധ സംഘങ്ങളാണ് ബണ്ഡിറ്റുകൾ.
കൂടാതെ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും ഗ്രാമവാസികൾ ഫീസ് നൽകണമെന്നും ഈ സംഘങ്ങൾ ആവശ്യപ്പെടുന്നു. സംഭവ ദിവസം മൈഗാംജി പള്ളിയിൽ മോട്ടോർ ബൈക്കുകളിൽ എത്തിയ ആക്രമി സംഘം വെടിയുതിർക്കാൻ തുടങ്ങി. ഇതോടെ പ്രാർഥനയ്‌ക്കെത്തിയവർ ഓടിരക്ഷപെടാൻ ശ്രമിച്ചതായി ഫുണ്ടുവ സ്വദേശി ലാവൽ ഹരുണ റോയിട്ടേഴ്സിനോട് പറഞ്ഞു. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സ്വന്തം സംസ്ഥാനമായ കറ്റ്സിനയിലാണ് ഫുണ്ടുവ.
കറ്റ്സിന സ്റ്റേറ്റ് പോലീസ് വക്താവ് ഗാംബോ ഇസ ആക്രമണം സ്ഥിരീകരിച്ചു. അയൽരാജ്യമായ നൈജറുമായി അതിർത്തി പങ്കിടുന്ന നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ആക്രമണം നടന്നത്. ഈ പ്രദേശത്ത് അക്രമി സംഘങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുകയാണ്. സംഭവത്തിന് പിന്നാലെ അക്രമികൾ താമസിക്കുന്ന ക്യാമ്പുകളിൽ നൈജീരിയൻ സൈന്യം ബോംബെറിഞ്ഞു. ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്രമി സംഘങ്ങൾ ആക്രമണം തുടരുന്നത് ഭീതി പരത്തുന്നുണ്ട്.
Post Your Comments