രാജ്യത്ത് യുപിഐ ആപ്ലിക്കേഷൻ മുഖാന്തരമുള്ള ഇടപാടുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമയപരിധി ദീർഘിപ്പിച്ചു. നാഷണൽ പേയ്മെന്റ് കോർപ്പറേഷനാണ് സമയപരിധി ദീർഘിപ്പിച്ചത്. എൻപിസിഐയുടെ നിർദ്ദേശ പ്രകാരം, ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളുടെ വിപണി വിഹിതം 30 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ പരിധിയിലേക്ക് ഇടപാടുകൾ ചുരുക്കാൻ 2024 ഡിസംബർ 31 വരെയാണ് കമ്പനികൾക്ക് സാവകാശം നൽകിയിരിക്കുന്നത്.
യുപിഐ ഇടപാട് രംഗത്ത് നിരവധി കമ്പനികൾ മേധാവിത്വം ഉറപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മേധാവിത്വം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 2020- ലാണ് എൻപിസിഐ ഇടപാട് പരിധി ചുരുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമിട്ടത്. ആമസോൺ, വാട്സ്ആപ്പ് തുടങ്ങിയ കമ്പനികൾ യുപിഐ സേവനങ്ങൾ നൽകുന്നുണ്ടെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ വിപണി വിഹിതം 1 ശതമാനത്തിലും താഴെയാണ്.
രാജ്യത്ത് യുപിഐ ഇടപാടിൽ 47 ശതമാനം വിപണി വിഹിതവുമായി ഫോൺപേ ഒന്നാം സ്ഥാനത്താണ്. 34 ശതമാനമാണ് ഗൂഗിൾപേയുടെ വിഹിതം. മൂന്നാം സ്ഥാനത്തുള്ള പേടിഎമ്മിന്റെ വിപണി വിഹിതം 15 ശതമാനം മാത്രമാണ്.
Post Your Comments