പത്തനംതിട്ട: തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്കും സർക്കാർ പിന്തുണ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ സംഘടിപ്പിച്ച നിയുക്തി മെഗാതൊഴിൽ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിൽ മേഖലയിലെ തുടക്കത്തിനൊപ്പം ഉദ്യോഗാർത്ഥികൾക്ക് അനുഭവ പരിചയം ലഭിക്കുന്നതിനും തൊഴിൽമേളകൾ ഉപകരിക്കും. സർക്കാർ തലത്തിൽ നടക്കുന്ന തൊഴിൽ മേളകളിൽ ഉന്നത നിലവാരം പുലർത്തുന്ന കമ്പനികളും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിനുള്ളിൽ തൊഴിൽ അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ യുവതി യുവാക്കൾ സന്നദ്ധതരാകണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ ഫിലിപ്പോസ് ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിലെ ആഭ്യസ്തവിദ്യരായ യുവതി, യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്നതിനായാണ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാതോലിക്കേറ്റ് കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഗാ തൊഴിൽമേള നിയുക്തി 2022 സംഘടിപ്പിച്ചത്. 51 തൊഴിൽദാതാക്കളും 1000 അപേക്ഷകരും പങ്കെടുത്തു. 500 ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി.
കാതോലിക്കേറ്റ് കോളജ് കൊമേഴ്‌സ് വിഭാഗം മേധാവി ഡോ ആൻസി സാം, തിരുവനന്തപുരം മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി ജി സാബു, എംപ്ലോയ്‌മെന്റ് ഓഫീസർ (വി ജി) ജെ എഫ് സലിം, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി ജി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
Read Also: ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത് കോടികൾ, കണക്കുകൾ അറിയാം
Post Your Comments