കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ റാലിയുടെ വേദിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ബൂത്ത് പ്രസിഡന്റ് രാജ്കുമാര്‍ മന്നയുടെ വസതിയിലാണ് സ്‌ഫോടനമുണ്ടായത്. രാജ്കുമാര്‍ മന്നയെ കൂടാതെ സ്ഫോടനത്തില്‍ മരിച്ചത് ഇയാളുടെ സഹോദരന്‍ ദേബ്കുമാര്‍ മന്നയും ബിശ്വജിത് ഗയേന്‍ എന്നയാളുമാണ്. സ്ഫോടനത്തില്‍ മന്നയുടെ വസതി ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചതായി പൊലീസ് വൃത്തങ്ങളും ഗ്രാമീണരും പറഞ്ഞു.
വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന സ്‌ഫോടനത്തില്‍ ശനിയാഴ്ച രാവിലെ ആണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അഭിഷേക് ബാനര്‍ജിക്കായി വേദിയൊരുക്കിയിരിക്കുന്ന കോണ്ടായി ടൗണില്‍ നിന്ന് 1.5 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭൂപതിനഗര്‍ പ്രദേശത്താണ് സംഭവം നടന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്‌ഫോടനത്തിന് ഉത്തരവാദി തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു, “സംസ്ഥാനത്ത് ബോംബ് നിർമ്മാണ വ്യവസായം മാത്രമാണ് തഴച്ചുവളരുന്നതെന്നും” അദ്ദേഹം പറഞ്ഞു. മന്നയുടെ വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നും എന്‍ ഐ എയെ കേസ് ഏല്‍പ്പിക്കണം എന്നും ബി ജെ പി ആവശ്യപ്പെട്ടു.
Post Your Comments