തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘മാന്‍ഡ്രേക്ക്’ വിളിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉറപ്പ് നല്‍കുന്നത് മുഖ്യമന്ത്രിയായതിനാല്‍ സംഭവിക്കാന്‍ വലിയ പ്രയാസമായിരിക്കുമെന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു. വിഴിഞ്ഞം, കെ റെയില്‍ പദ്ധതിയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനെ പരിഹസിച്ചാണ് തിരുവഞ്ചൂരിന്റെ അധിക്ഷേപം.ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ വെല്‍നെസ് കോച്ച് വിനയ് മേനോന് പന്ത് കൈമാറികൊണ്ട് മുഖ്യമന്ത്രി ബെല്‍ജിയത്തിനും ടീമിനും ഭാവുകങ്ങള്‍ നേര്‍ന്നിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നു ഇത്.
നവംബര്‍ 24ന് പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പില്‍ വിനയ് നമ്മുടെ അഭിമാനമാണെന്നും മുഖ്യമന്ത്രി കുറിക്കുകയുണ്ടായി. മുഖ്യമന്ത്രി പന്ത് സമ്മാനിക്കുന്ന ചിത്രമാണ് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ ഉപയോഗിച്ചത്. കിരീട സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തോറ്റ് മടങ്ങിയിരുന്നു. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍ രഹിത സമനിലയ്ക്ക് വഴങ്ങിയാണ് ബെല്‍ജിയം പുറത്തായത്. കരുത്തരായ ബെല്‍ജിയം തോല്‍ക്കാന്‍ കാരണം ടീമിന്റെ വെല്‍നസ് കോച്ച് പിണറായിയില്‍ നിന്ന് പന്ത് സ്വീകരിച്ചതുകൊണ്ടാണെന്ന വാദവുമായി ഒരു വിഭാഗമാളുകള്‍ സോഷ്യല്‍ മീഡിയിലൂടെ രംഗത്തെത്തി. ഈ ‘മാന്‍ഡ്രേക്’ പരിഹാസങ്ങളുടെ ചുവടുപിടിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേയും പ്രതികരണം.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,
“ലോകകപ്പിൽ നിന്ന് ബെൽജിയം പുറത്ത്…”
——————————————————————————
മുഖ്യമന്തി അന്ന്:
കെ-റെയിൽ വരും കേട്ടോ
മുഖ്യമന്ത്രി ഇന്ന്:
വിഴിഞ്ഞം നടക്കും കേട്ടോ…
പറഞ്ഞത് മുഖ്യമന്ത്രിയായത് കൊണ്ട് കേരളീയർക്ക് ഒന്നുറപ്പിക്കാം. വലിയ പ്രയാസമായിരിക്കും, സംഭവിക്കാൻ.
നോക്കിലും, വാക്കിലും, പ്രവർത്തിയിലും രാശി തെളിഞ്ഞു നിൽക്കുകയാണല്ലോ…
#തിരുവഞ്ചൂർ #FTS #കോൺഗ്രസ്സ് #കേരളം #ജനനന്മ #യുഡിഎഫ് #രാഹുൽഗാന്ധി
Post Your Comments