
മുംബൈ: കാമുകനൊപ്പം ജീവിക്കാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുംബൈ സാന്താക്രൂസ് വെസ്റ്റില്‍ താമസിച്ചിരുന്ന കല്‍കാന്ത് ഷാ ആണ് കൊല്ലപ്പെട്ടത്. ഭാര്യ കാജല്‍, കാമുകന് ഹിതേഷ് ജയന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മാസം മുമ്പായിരുന്നു കൊലപാതകം നടന്നത്. ഷായുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. 2002ലായിരുന്നു കാജലും ഷായും വിവാഹിതരായത്.
ദമ്പതികള്‍ക്ക് കൗമാരക്കാരായ രണ്ട് മക്കളുണ്ട്. കാജലും ഹിതേഷും തമ്മില്‍ ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു. ഇതേച്ചൊല്ലി ദമ്പതികള്‍ സ്ഥിരമായി വഴക്കിടുമായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് വയറുവേദനയുമായി ഷാ ആശുപത്രിയിലെത്തിയത്. അവയവങ്ങള്‍ ഓരോ ദിവസവും തകരാറിലായി. തുടര്‍ന്നാണ് വിഷം അകത്തുചെന്നതാണെന്ന സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചത്.
ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ പോലും ഷായോട് കാജല്‍ രണ്ട് ലക്ഷം രൂപ ചോദിച്ച് വഴക്കിട്ടിരുന്നു. ഇതും മരണത്തില്‍ സംശയം തോന്നാന്‍ കാരണമായി. ഷായെ കൊന്ന് സ്വത്തുക്കള്‍ തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണത്തില്‍ സ്ഥിരമായി വിഷം കലര്‍ത്തി നല്‍കുകയായിരുന്നു.
വസ്ത്ര വ്യാപാരിയായിരുന്നു ഷാ. ഇദ്ദേഹത്തിന്റെ മാതാവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ജൂണിലായിരുന്നു മരണം. ആ മരണവും സമാന രീതിയിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.
Post Your Comments