സോള്‍: പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. പ്രസിഡന്റിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പട്ടാളനിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിന് ശേഷം പിൻവലിച്ചെങ്കിലും രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പാർലമെന്റ് അംഗങ്ങൾ അടക്കമുള്ളവർ നാഷണൽ അസംബ്ലിക്ക് മുന്നിലേക്ക് ഒഴുകിയെത്തി. അസംബ്ലിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സൈന്യം ശ്രമിച്ചെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് പിന്മാറുകയായിരുന്നു.
അതിനിടെ ഭരണ പ്രതിസന്ധി മറികടക്കാന്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാകണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെയും ഭരണഘടനാബെഞ്ചില്‍ ആറു ജഡ്ജിമാരുടെയും പിന്തുണ വേണം.
300 അംഗ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷവും ചെറു കക്ഷികളും ചേര്‍ന്ന് 192 അംഗങ്ങളാണുള്ളത്. ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിപക്ഷ നീക്കത്തെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments