രാജ്യത്തെ വിമാനത്താവളങ്ങളിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. യാത്രക്കാർക്ക് വിവരങ്ങൾ ഡിജിറ്റലായി നൽകിയതിനു ശേഷം വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ‘ഡിജിയാത്ര’ എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിക്ക് കീഴിൽ നിരവധി വിമാനത്താവളങ്ങൾ ഇതിനോടകം പങ്കാളികളായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ ബെംഗളൂരു, വാരണാസി തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. 2023 മാർച്ച് മാസത്തോടെ ഹൈദരാബാദ്, പൂണെ, കൊൽക്കത്ത, വിജയവാഡ എന്നീ വിമാനത്താവളങ്ങളിലും ഡിജിയാത്ര പദ്ധതി നടപ്പാക്കും.
യാത്രയ്ക്ക് ആവശ്യമായുള്ള രേഖകൾ ഡിജിറ്റലായി സമർപ്പിച്ചതിനുശേഷം ഫെയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയിലൂടെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാവുന്നതാണ്. ഇത്തരത്തിൽ രേഖകൾ സമർപ്പിക്കുന്നതോടെ പ്രത്യേക തിരിച്ചറിയൽ രേഖകൾ നൽകേണ്ട ആവശ്യമില്ല. നിലവിൽ, ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് ഡിജിയാത്ര സേവനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ദുബായ്, സിംഗപ്പൂർ തുടങ്ങിയ വിമാനത്താവളങ്ങളിൽ ഫെയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
Also Read: മുഖത്തെ ചുളിവുകൾ എളുപ്പത്തിൽ മാറ്റിയെടുക്കാം, പപ്പായ ഉപയോഗിച്ചുള്ള ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
ഡിജിയാത്ര മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം ആധാർ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് സെൽഫി എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്തതിനുശേഷം ബോർഡിംഗ് പാസ് സ്കാൻ ചെയ്യുക. ഇതോടെ, യാത്ര ചെയ്യുന്ന വ്യക്തിയുടെ എല്ലാ വിവരങ്ങളും വിമാനത്താവളത്തിലെ സെർവറുകളിൽ എത്തുന്നതാണ്. വിമാനത്താവളത്തിൽ എത്തിയതിനു ശേഷം ഡിജിയാത്രയ്ക്ക് ഉള്ള ‘ഇ- ഗേറ്റിൽ’ ബോർഡിംഗ് പാസ് സ്കാൻ ചെയ്തതിനുശേഷം പ്രവേശനം സാധ്യമാകും. ഈ സംവിധാനത്തിലൂടെ പ്രവേശന നടപടികളുടെ സമയം കുറയ്ക്കാൻ കഴിയുന്നതാണ്.
Post Your Comments