ലെഗിന്‍സ് ധരിച്ചു വന്ന അദ്ധ്യാപികയെ അപമാനിച്ച് പ്രധാനാദ്ധ്യാപിക: സംഭവം മലപ്പുറത്ത്
മലപ്പുറം: അദ്ധ്യാപിക ലെഗിന്‍സ് ധരിച്ച് വന്നത് വിവാദമാകുന്നു. ലെഗിന്‍സ് ധരിച്ചുവന്ന അദ്ധ്യാപികയെ, പ്രധാനാദ്ധ്യാപിക അപമാനിച്ചു. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാദ്ധ്യാപികയായ റംലത്തിനെതിരെ ഡിഇഒയ്ക്ക് പരാതി നല്‍കിയത്. സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് സരിത. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ സ്‌കൂളിലെത്തി പ്രധാനാദ്ധ്യാപികയുടെ റൂമില്‍ ചെന്നപ്പോള്‍ ആണ് സംഭവം. ഏതോ ഒരു കുട്ടി യൂണിഫോം ധരിച്ചിരുന്നില്ല. അതിനെ ചൊല്ലിയുള്ള സംസാരം ആണ് ലെഗിന്‍സില്‍ എത്തിയത്. കുട്ടികള്‍ യൂണിഫോം ധരിക്കാത്തത് താന്‍ ലെഗിന്‍സ് ധരിക്കുന്നത് കൊണ്ടാണ് എന്ന് പ്രധാനാദ്ധ്യാപിക പറഞ്ഞെന്ന് സരിത ടീച്ചര്‍ പറയുന്നു.
‘കുട്ടികള്‍ ഒന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് അവരെ ഒക്കെ പറയുക. നിങ്ങളുടെ വസ്ത്ര ധാരണം ഒക്കെ ഇങ്ങനെ അല്ലേ? എന്താണ് എന്റെ വസ്ത്രത്തിന്റെ പ്രശ്നം എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ ലെഗിന്‍സ് ഇട്ട് വന്നത് കൊണ്ടാണ് കുട്ടികള്‍ ഇതെല്ലാം ചെയ്യുന്നത്’, ഇതായിരുന്നു പ്രധാനാദ്ധ്യാപികയുടെ പ്രതികരണമെന്ന് സരിത ടീച്ചര്‍ വ്യക്തമാക്കി.
മാന്യതയ്‌ക്കോ അദ്ധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്‌കൂളില്‍ ചെന്നിട്ടില്ലെന്നും അദ്ധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്‌കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെ ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സരിത ടീച്ചര്‍ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രധാനാദ്ധ്യാപിക റംലത്ത് വ്യക്തമാക്കി.
Post Your Comments