തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതികള്‍ പോലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ ഇരുമ്പില്‍ എസ് എം നിവാസില്‍ എം അരുണ്‍ (30), മാറനല്ലൂര്‍ കുവളശ്ശേരി കോടന്നൂര്‍ പുത്തന്‍വീട്ടില്‍ ഹരീഷ് (26) കാരാംകോട് സ്വദേശി ഷിജു (37) എന്നിവരാണ് പ്രതികള്‍. മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം.
Read Also: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് വക്താവ്
ഇന്നലെ രാവിലെ മദ്യലഹരിയില്‍ കാറോടിച്ച യുവാക്കള്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. ഇതില്‍ ഒരാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ഒപ്പം ഉണ്ടായിരുന്നവര്‍ സ്റ്റേഷനിലെത്തി വനിതാ പോലീസിനെ ആക്രമിക്കുകയും സ്റ്റേഷന്‍ തകര്‍ക്കുകയുമായിരുന്നു. ജി.ഡി ചാര്‍ജുണ്ടായിരുന്ന ആനി, പാറാവുകാരന്‍ വിഷ്ണു, അലോഷ്യസ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
ഷിജുവിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ അരുണും, ഹരീഷും സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. മദ്യപിച്ചിരുന്ന ഇവര്‍ സ്റ്റേഷനില്‍ കൂടുതല്‍ പോലീസുകാരില്ലെന്ന് മനസിലാക്കിയതോടെ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ഷിജുവിനെ വിടണമെന്ന് ആവശ്യപ്പട്ടു. പോലീസുകാരെ ആക്രമിച്ചതിന് പുറമെ സ്റ്റേഷനിലുണ്ടായിരുന്ന കംമ്പ്യൂട്ടര്‍, വയര്‍ലെസ്സ് സെറ്റ് എന്നിവ അടിച്ചു തകര്‍ത്തു.
ഒടുവില്‍ മൂന്ന് പേരേയും പോലീസ് സ്റ്റേഷനിലെ സെല്ലില്‍ അടച്ചു. എന്നാല്‍, സെല്ലില്‍ വച്ച് മദ്യലഹരിയിലായിരുന്ന ഷിജു തല സ്വയം ചുമരിലടിച്ച് പരിക്കേല്‍പ്പിച്ചു. പിന്നാലെ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെയും റിമാന്റ് ചെയ്തു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
Post Your Comments