നിത്യജീവിതത്തില്‍ നാം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ അതിജീവിക്കാവുന്നവയായിരിക്കും. എന്നാല്‍ ചില പ്രശ്നങ്ങള്‍ സമയത്തിന് ശ്രദ്ധിച്ചില്ലെങ്കില്‍ അവ ക്രമേണ ജീവന് നേരെ തന്നെ ഭീഷണിയാകും. ജീവിതശൈലീരോഗങ്ങളെന്ന രീതിയില്‍ നാം കണക്കാക്കുന്ന ബിപി (രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്.
ഹൃദ്രോഗങ്ങളിലേക്ക്, പ്രധാനമായും ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കുന്നതില്‍ ബിപിക്കും കൊളസ്ട്രോളിനുമെല്ലാം വലിയ പങ്കുണ്ട്. ഹൃദയാഘാതം മാത്രമല്ല പക്ഷാഘാതവും ഇത്തരത്തില്‍ വലിയ രീതിയില്‍ സംഭവിക്കാറുണ്ട്.
ബിപിയുടെ തുടക്കമോ, ബിപി അധികരിക്കുന്നതോ പോലും ഒരുപക്ഷേ രോഗി മനസിലാക്കില്ല. അതിനാല്‍ തന്നെ ‘സൈലന്‍റ് കില്ലര്‍’ എന്നാണ് ബിപിയെ വിദഗ്ധര്‍ പോലും വിശേഷിപ്പിക്കുന്നത്.
എന്നാല്‍ ബിപി കൂടുമ്പോള്‍ അത് ഹൃദയത്തെ ബാധിക്കുന്ന സാഹചര്യം വരുമ്പോള്‍ അതിന്‍റെ ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകും. ഇങ്ങനെയൊരു ലക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ബിപി അധികരിക്കുമ്പോള്‍ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കാൻ സമ്മര്‍ദ്ദത്തിലാകും. ഈ സമ്മര്‍ദ്ദം ധമനികളിലെ കോശങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നു. ശരീരത്തില്‍ എവിടെ വച്ചും ധമനികളില്‍ ഈ കേടുപാടുണ്ടാകാം. പക്ഷേ അധികവും ശരീരത്തിന്‍റെ താഴ്ഭാഗം, അതായത് കാലുകളിലാണ് ഇത് കാണപ്പെടുക. കാരണം ഹൃദയത്തില്‍ നിന്ന് ഇവിടേക്കുള്ള രക്തയോട്ടമാണ് കാര്യമായും തടസപ്പെടുക. ഇങ്ങനെ വരുമ്പോള്‍ ‘പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്’ (പിഎഡി) ഉണ്ടാകുന്നു.
പിഎഡി ഒരിക്കലും അപകടകരമായ അവസ്ഥയല്ല. എന്നാല്‍ ബിപി ഹൃദയത്തെ ബാധിച്ചതിന്‍റെ സൂചനയാണിത്. ഈ പ്രശ്നം കാര്യമായി എടുത്തിരിക്കണം. അല്ലാത്തപക്ഷം ഹാര്‍ട്ട് ഫെയിലിയര്‍, ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം) എന്നിവയിലേക്കെല്ലാം നീങ്ങാം.
ഇനി കാലിലേക്ക് ഇത്തരത്തില്‍ രക്തയോട്ടം കുറഞ്ഞാല്‍ അത് എങ്ങനെ മനസിലാക്കാം? ചില ലക്ഷണങ്ങള്‍ പരിശോധിക്കാം. പാദങ്ങള്‍ അസാധാരണമായി തണുത്തിരിക്കുക, കാല്‍വിരലുകള്‍ ചുവന്ന നിറത്തിലോ നീല നിറത്തിലോ കാണപ്പെടുക, കാലിലെ രോമങ്ങള്‍ കൊഴിഞ്ഞുപോവുക, ചിലര്‍ക്ക് വിരലുകളില്‍ ചെറിയ വിറയല്‍ എന്നതെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. കൊളസ്ട്രോള്‍ അധികരിക്കുമ്പോള്‍ സമാനമായി പിഎഡി വരാനുള്ള സാധ്യതയുണ്ട്. ഇതും ഹൃദയം അപകടത്തിലാണെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
Post Your Comments