KeralaLatest News

വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ കേസ്: നഷ്ടം ഒരു കോടിയിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക,കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഘര്‍ഷത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

അതേസമയം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടനെ മോചിപ്പിക്കാനെത്തി അറസ്റ്റിലായ നാലു പേരെയാണ് വിട്ടയച്ചത്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്നലെ സംഘര്‍ഷമുണ്ടായത്. സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു.പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

എസ്പിയുടേതടക്കം നാലു വാഹനങ്ങളും രണ്ട് കെഎസ്ആര്‍ടിസി ബസുകളും അടിച്ചുതകര്‍ത്തു. വൈദികരടക്കമുള്ള സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാരെ കൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button