ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം. ടീച്ചര്‍ നുണച്ചിയെന്ന് വിളിച്ചതോടെയാണ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്നാട്ടിലെ കരൂരില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നായിരുന്നു വിദ്യാര്‍ത്ഥിനി ചാടിയത്. സാരമായി പരിക്കേറ്റ പത്താം ക്ലാസുകാരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി
പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു. ആത്മഹത്യയ്ക്ക് ശ്രമിക്കാനിടയായ സംഭവം പെണ്‍കുട്ടി വിശദീകരിച്ചു. ‘സ്‌കൂളില്‍ കള്‍ച്ചറല്‍ ആക്ടിവിറ്റീസ് നടന്നിരുന്നു. ഒരു കുട്ടി വീഡിയോ എടുത്തുതരാമോ എന്ന് ചോദിച്ചു. പറ്റില്ലെന്ന് ഞാന്‍ മറുപടി നല്‍കി. അതുകൊണ്ട് വേറെ ആര്‍ക്കെങ്കിലും ഫോണ്‍ നല്‍കി വീഡിയോ എടുത്തുതരാന്‍ പറയുമോ എന്ന് ചോദിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ അകലെ ഇരിക്കുന്നതിനാല്‍ ചോദിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കരുതി ഞാന്‍ തന്നെ വീഡിയോ എടുക്കാന്‍ തീരുമാനിച്ചു. ഇതുകണ്ട ടീച്ചര്‍ എന്നെ വഴക്ക് പറഞ്ഞു. എനിക്ക് വേണ്ടി വീഡിയോ എടുത്തതല്ലെന്നും മറ്റൊരു കുട്ടിയാണ് തന്നോട് ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും ടീച്ചറോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ ടീച്ചര്‍ തയ്യാറായില്ല. കൂടാതെ എല്ലാവരുടെയും മുന്നില്‍ വെച്ച് നുണച്ചിയെന്ന് വിളിക്കുകയും ചെയ്തു. മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ നാണംകെട്ടതുപോലെ തോന്നി. ആ വിഷമം സഹിക്കാന്‍ കഴിഞ്ഞില്ല. ‘ പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ധ്യാപകരുടെ മൊഴിയെടുക്കാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments