നെടുമങ്ങാട്: നെട്ട ഹൗസിംഗ് ബോർഡിലെ വീട് തീയിട്ട് നശിപ്പിക്കുകയും വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. പേരൂർക്കട തരംഗിണി ഗാർഡൻസിൽ പ്രവീൺ(32), നെടുമങ്ങാട് വാണ്ടയിൽ കുന്നുംപുറത്ത് വീട്ടിൽ സുജിത്ത്(22), പേരൂർക്കട ഹാർവീപുരം കോളനിയിൽ അമൽജിത്ത്(ഡാൻസർ ബി.ഉണ്ണി 40) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് രാത്രി 10.30 ന് ആണ് സംഭവം. വട്ടപ്പാറ ചിറ്റാഴ പ്രസാദ് ഭവനിൽ സ്മിതയുടെ പേരിലുള്ള നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോർഡിൽ പാലോട് ഇടിഞ്ഞാർ സ്വദേശി ബിജു വാടകയ്ക്ക് താമസിച്ചു വന്നിരുന്ന ഇരുനില വീടാണ് പ്രതികൾ സംഘം ചേർന്ന് തീയിട്ട് നശിപ്പിച്ചത്. വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് പ്രതികൾ ആദ്യം തീയിട്ടത്.
അയൽവാസികൾ തീ പടരുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ നെടുമങ്ങാട് സിഐ എസ്.സതീഷ്കുമാറും, പൊലീസ് സംഘം സ്ഥലത്തു എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഇതിനിടയിൽ പ്രതികളിൽ ഒരാളുടെ ശരീരം മുള്ളു കമ്പിയിൽ കുടുങ്ങി മുറിവേറ്റിരുന്നു. പോലീസും അഗ്നി രക്ഷ സേനയും ചേർന്ന് തീ അണച്ചു. എന്നാൽ, പ്രതികളെ പറ്റി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച രക്തം പരിശോധന നടത്തി, സിസിടിവി കാമറകൾ പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ ഇയാളുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബിജുവിന് എതിരെ നേരത്തെ പൊലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തിരുന്നു. സഹോദരിയുടെ മരണത്തിലുള്ള വിരോധം കാരണമാണ് ബിജു താമസിച്ചിരുന്ന വീട്, ആക്രമിച്ചതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
സുജിത്ത്, ഉണ്ണി എന്നിവർ പേരൂർക്കട സ്റ്റേഷനിലെ സ്ഥിരം ക്രിമിനൽ കേസുകളിൽ ഉൾപെട്ടിട്ടുള്ളവർ ആണെന്ന് സിഐ എസ്.സതീഷ്കുമാർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments