കൊല്ലം: കിളികൊല്ലൂര്‍ മര്‍ദ്ദനത്തില്‍ സൈനികനും സഹോദരനും മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍ വെച്ച് തന്നെയെന്ന് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ, മര്‍ദ്ദിച്ചതാരാണെന്നതില്‍ വ്യക്തയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽപറയുന്നു. പേരൂര്‍ സ്വദേശികളായ സൈനികന്‍ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനുമാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.
സൈനികനേയും സഹോദരനേയും മർദ്ദിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന്‍ അംഗം വികെ ബീനാകുമാരിയ്ക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതെന്ന പോലീസ് വാദവും റിപ്പോര്‍ട്ടില്‍ നിഷേധിക്കുന്നുണ്ട്. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാലിത് ശരിവെക്കുന്ന തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സൈനികനേയും സഹോദരനേയും മര്‍ദ്ദിച്ചതാരാണെന്ന് അറിയില്ലെന്നും കമ്മീഷറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments