ദോഹ: ഫിഫ ഖത്തർ ലോകകപ്പില്‍ ശക്തരായ നെതർലന്‍ഡ്സിനെ സമനിലയില്‍ തളച്ച് ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നെതർലന്‍ഡ്സിനായി ഗ്യാപ്കോയും ഇക്വഡോറിനായി നായകൻ വലന്സിയുമാണ് ഗോൾ നേടിയത്. നെതർലന്‍ഡ്സ്-ഇക്വഡോർ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടൂർണമെന്റില്‍ നിന്ന് പുറത്തായി. ഇക്കുറി ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് ഖത്തർ.
മത്സരത്തിന്റെ ആദ്യ പകുതിയിലെ ആറാം മിനിറ്റില്‍ തന്നെ ഗ്യാപ്കോ ഡച്ച് പടയെ മുന്നിലെത്തിച്ചു. പിന്നാലെ തുടരെ ആക്രമണങ്ങളുമായി ഇക്വഡോർ കളംനിറഞ്ഞെങ്കിലും ഗോൾ കണ്ടെത്താനായില്ല. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇക്വഡോർ വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വില്ലനായി. രണ്ടാം പകുതിയുടെ തുടക്കത്തിലും നെതർലന്‍ഡ്സ് ആധിപത്യമാണ് കളത്തിൽ സാക്ഷ്യം വഹിച്ചത്.
എന്നാല്‍, 49-ാം മിനിറ്റില്‍ റീബൌണ്ടില്‍ നിന്ന് നായകന് എന്നർ വലന്‍സിയ ഇക്വഡോറിനെ ഒപ്പമെത്തിച്ചു. ഈ ലോകകപ്പില്‍ വലന്‍സിയയുടെ മൂന്നാം ഗോളാണിത്. പിന്നാലെ ഇക്വഡോർ ആക്രമണം കടുപ്പിച്ചപ്പോള്‍ മാറ്റങ്ങളുമായി ഡച്ച് ടീമും മൈതാനത്തെ ചൂടുപിടിപ്പിച്ചു. എന്നാൽ, ഇരു ടീമിനും വിജയഗോള്‍ പക്ഷേ കണ്ടെത്താനായില്ല.
ഗ്രൂപ്പ് എയില്‍ മറ്റൊരു മത്സരത്തിൽ ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിർത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസഗോള്‍.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇറാന്, വെയ്ല്‍സിനെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇറാന്റെ ജയം. റൗസ്ബെ ചെഷ്മി, റമിന് റസായേന്‍ എന്നിവരാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. ജയത്തോടെ ഇറാനും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിർത്തി.
Post Your Comments