തിരുവനന്തപുരം: മീസൽസ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തപ്പോൾ ജില്ലയ്ക്ക് നേരത്തെതന്നെ ജാഗ്രതാ നിർദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിർദേശവും നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംസ്ഥാന മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലും മലപ്പുറത്തെ പ്രവർത്തനങ്ങൾ പ്രത്യേകമായി അവലോകനം ചെയ്തിരുന്നു. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ആരോഗ്യ വകുപ്പ് ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കി വരുന്നുണ്ട്. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കുന്നതാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും കുട്ടികൾക്ക് കൃത്യമായി വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Read Also: കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു: മന്ത്രി എം ബി രാജേഷ്
ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറെ അന്വേഷണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതുകൂടാതെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലുണ്ട്.
അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസൽസ്, റുബല്ല അഥവാ എംആർ വാക്‌സിൻ നൽകുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് സാധാരണ എംആർ വാക്‌സിൻ നൽകുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് എംആർ വാക്‌സിനും പതിനാറാം മാസം കഴിഞ്ഞാലുടൻ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് 5 വയസുവരെ വാക്‌സിൻ എടുക്കാവുന്നതാണ്. ജില്ലയിൽ മതിയായ എംആർ വാക്‌സിനും വിറ്റാമിൻ എ സിറപ്പും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്‌സിൻ സൗജന്യമായി ലഭ്യമാണെന്ന് വീണാ ജോർജ് അറിയിച്ചു.
അഞ്ചാംപനി അഥവാ മീസൽസ്
ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി. ആറു മാസം മുതൽ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. എങ്കിലും കൗമാര പ്രായത്തിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്.
രോഗ ലക്ഷണങ്ങൾ
പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. മൂന്നുനാലു ദിവസം കഴിയുമ്പോൾ ദേഹമാസകലം ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന ഇവയുണ്ടാകും.
രോഗം പകരുന്നത് എങ്ങനെ
അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം.
അഞ്ചാം പനി കാരണം ഉണ്ടാകാവുന്ന സങ്കീർണതകൾ
അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണം, ന്യൂമോണിയ, ചെവിയിൽ പഴുപ്പ് എന്നിവയാണ്. ഈ പഴുപ്പ് യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. വിറ്റാമിൻ എയുടെ കുറവും ഇത്തരം സങ്കീർണതകൾ വർധിപ്പിക്കും.
എങ്ങനെ തടയാം
എംആർ വാക്‌സിൻ കൃത്യമായി എടുക്കുകയാണ് ഈ രോഗത്തെ തടഞ്ഞു നിർത്താൻ കഴിയുന്ന പ്രധാന മാർഗം.
Post Your Comments