
കാസര്‍ഗോഡ്: സമൂഹ മാധ്യമത്തിലൂടെ ഡോക്‌ടര്‍ ചമഞ്ഞ് ഏഴുലക്ഷം രൂപ തട്ടിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി അറസ്‌റ്റില്‍. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്കിനെ(19)യാണ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സൈബര്‍ ക്രൈം പൊലീസ് ആണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
സമൂഹ മാധ്യമത്തിലൂടെ ഡോക്‌ടര്‍ ചമഞ്ഞ് മായിപ്പാടി സ്വദേശിനിയില്‍ നിന്നാണ് ഇയാള്‍ ഏഴുലക്ഷം രൂപ തട്ടിയത്. രണ്ടാമത്തെ കുഞ്ഞുണ്ടാകാന്‍ വൈകിയതിനെ തുടര്‍ന്നാണ് സുഹൃത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം യുകെയിലെന്ന് അവകാശപ്പെട്ടിരുന്ന ഇയാളെ മൂന്നു മാസം മുമ്പ് യുവതി പരിചയപ്പെട്ടത്. ഇന്‍സ്‌റ്റഗ്രാം വഴിയായിരുന്നു ഇവര്‍ തമ്മില്‍ ബന്ധപ്പെട്ടത്. കാര്യങ്ങള്‍ ചോദിച്ചറിയുകയും ഗര്‍ഭധാരണ മരുന്നുകള്‍ കൈവശമുണ്ടെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു.
Read Also : ട്വിറ്റർ: സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കും, സർവേ ഫലം അനുകൂലം
പിന്നീട് ഒരു സമ്മാനം അയക്കുന്നുണ്ടെന്നും അതിന്‍റെ ചാര്‍ജ് കൊടുക്കണമെന്നും ആവശ്യപ്പെട്ട ഡോക്ടർ സമ്മാനപ്പൊതിയില്‍ ലക്ഷങ്ങള്‍ ഉണ്ടെന്നും അത് കസ്‌റ്റംസ് പിടിച്ചാല്‍ വലിയ നികുതി അടക്കേണ്ടിവരുമെന്നും യുവതിയെ അറിയിച്ചു. തുടർന്ന്, ഇതിനായി ഒന്നര ലക്ഷം അയക്കാന്‍ പറഞ്ഞു. പിന്നീട് പലതവണ ഇയാള്‍ പണം കൈക്കലാക്കി. എന്നാൽ, തട്ടിപ്പ് മനസിലാക്കിയ യുവതി ഇനി പണം അയക്കില്ലെന്ന് പറഞ്ഞെങ്കിലും അഞ്ചുലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. രക്ഷയില്ലാതായതോടെ ആ പണം അടക്കം ഏഴുലക്ഷം രൂപ അക്കൗണ്ട് വഴി അയച്ചു നല്‍കിയതായി യുവതി പറയുന്നു.
പണം നല്‍കി കഴിഞ്ഞും ഇവര്‍ ഒരാഴ്‌ച ഇയാളുമായി സംസാരിച്ചിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. പിന്നീട് ഇവര്‍ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പിൽ കൂടുതല്‍ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചനയെന്നും പൊലീസ് അറിയിച്ചു.
Post Your Comments