![](/wp-content/uploads/2020/06/amit-shah-kejriwal.jpeg)
ന്യൂഡല്‍ഹി: ബിജെപിക്ക് എതിരെ ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡല്‍ഹി എംപി മനോജ് തിവാരിക്ക് ഇതില്‍ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെയും തോല്‍വി ഭയന്നാണ് ബിജെപി കേജ്രിവാളിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും സിസോദിയ പറഞ്ഞു.
എന്നാല്‍ ഇത്തരം നീക്കങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ഭയപ്പെടുന്നില്ലെന്നും സിസോദിയ പറഞ്ഞു. ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ തോറ്റ് തുന്നംപാടുമെന്ന് ഭയന്ന് ബിജെപി അരവിന്ദ് കേജ്രിവാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണ്. കേജ്രിവാളിനെ ആക്രമിക്കാന്‍ അവരുടെ എംപി മനോജ് തിവാരി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്.അയാളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ എഎപി ഇത്തരം ഭീഷണികളില്‍ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നല്‍കും.
ഹിന്ദിയിലുള്ള ട്വീറ്റില്‍ സിസോദിയ വ്യക്തമാക്കുന്നു. കേജ്രിവാളിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. അഴിമതിയും മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ സീറ്റ് വില്‍പ്പനയും ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. വ്യാപകമായ അഴിമതിയിലും സുഹൃത്തുക്കള്‍ക്കും ബലാത്സംഗവീരന്മാര്‍ക്കും സീറ്റ് വില്‍ക്കുന്നതിലും ജനങ്ങളും എഎപി പ്രവര്‍ത്തകരും കോപാകുലരാണെന്നും കേജ്രിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
Post Your Comments