അബുദാബി: 2023ലെ കാലാവസ്ഥ ഉച്ചകോടിയിൽ 140ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയിലെ ഏറ്റവും വലിയ പരിപാടിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും യുഎഇയുടെ കാലാവസ്ഥാ പ്രതിനിധിയും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ കാലാവസ്ഥാ ഉച്ചകോടിയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ സംബന്ധിച്ച് യോഗത്തിൽ വിശദമാക്കി. കാർബൺ രഹിത യുഎഇ (നെറ്റ് സീറോ 2050) എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
രാഷ്ട്രപതി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ നേതൃത്വത്തിൽ ദശാബ്ദങ്ങൾക്കു മുൻപുതന്നെ യുഎഇ പരിസ്ഥിതി സൗഹൃദ നയങ്ങൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരുന്നുണ്ട്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ രാജ്യം കൈവരിച്ച റെക്കോർഡ് നേട്ടം ശൈഖ് സായിദിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments