തിരുവനന്തപുരം: വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിയമ നടപടികൾക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിച്ചയച്ചു.
കൂടാതെ 98 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. വാളയാർ, ഗോപാലപുരം തുടങ്ങിയ ചേക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. നിലവാരമില്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒരു നിർമാതാവിന് ഒരു ബ്രാൻഡ് മാത്രമേ അനുവാദം നൽകിയിട്ടുളളു. ബ്രാൻഡ് രജിസ്ട്രഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണ്.
Post Your Comments