Latest NewsNewsInternational

ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാകാമെന്ന് പുതിയ പഠനം; അമിത ജലാംശം ദോഷകരമാണോ?

ബ്രൂസ് ലീ അന്തരിച്ച് ഏകദേശം 50 വർഷങ്ങൾ കഴിയുമ്പോൾ ആദ്ദേഹത്തിന്റെ മരണകാരണം വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട് പുറത്ത്. 1973 ജൂലൈയിൽ 32-ആം വയസ്സിൽ ആണ് അദ്ദേഹം മരണപ്പെടുന്നത്. തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇത് അദ്ദേഹം കഴിച്ച വേദനസംഹാരിയുടെ പ്രതികരണമാണെന്ന് കരുതി. എന്നാൽ, പുതിയ ഗവേഷണം സൂചിപ്പിക്കുന്നത് ‘അധികജലം പുറന്തള്ളാനുള്ള വൃക്കയുടെ കഴിവില്ലായ്മയാണ്’ അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണമെന്നാണ്.

ഹൈപ്പോനാട്രീമിയയാണ് ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീർവീക്കത്തിന് കാരണമായതെന്നാണ് പുതിയ കണ്ടെത്തൽ. ക്ലിനിക്കൽ കിഡ്നി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവേഷകരുടെ അഭിപ്രായത്തിൽ, അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത് തലച്ചോറിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യും.

ജല ഉപഭോഗത്തെയും ജല വിസർജ്ജനത്തെയും നിയന്ത്രിക്കുന്ന വാട്ടർ ഹോമിയോസ്റ്റാസിസ് മെക്കാനിസങ്ങളുമായുള്ള ഇടപെടലിന്റെ ഫലമായി ഹൈപ്പോനാട്രീമിയയ്ക്ക് കാരണമാകുന്ന ഒന്നിലധികം അപകട ഘടകങ്ങൾ ലീക്ക് ഉണ്ടായിരുന്നു. ശരീരത്തിലേക്ക് അധികമായി എത്തുന്ന വെള്ളത്തെ നിയന്ത്രിക്കാൻ ലീയുടെ വൃക്കകൾക്ക് സാധിച്ചില്ല. കഞ്ചാവ് ഉപയോഗവും ലീയുടെ ദാഹം കൂടാൻ കാരണമായെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. സ്‌പെയിനിലെ ഒരു കൂട്ടം കിഡ്‌നി സ്‌പെഷ്യലിസ്റ്റുകൾ നടത്തിയ പഠനം ക്ലിനിക്കൽ കിഡ്‌നി ജേണലിന്റെ 2022 ഡിസംബർ പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഞെട്ടിപ്പിക്കുന്ന ഈ പുതിയ വെളിപ്പെടുത്തൽ ഒരു പ്രധാന ചോദ്യമാണുയർത്തുന്നത്. അമിതമായ ജല ഉപഭോഗം ദോഷകരമാണോ? അമിതമായ ജല ഉപഭോഗം മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ‘അമിതമായ ജല ഉപഭോഗം ഇൻട്രാക്രീനിയൽ മർദ്ദം വർദ്ധിപ്പിക്കും, ഇത് വിവിധ ലക്ഷണങ്ങളിൽ കലാശിക്കുകയും അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ മാരകമാകുകയും ചെയ്യും. ഒരു വ്യക്തി തന്റെ വൃക്കകൾക്ക് മൂത്രത്തിലൂടെ പുറന്തള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വെള്ളം ഉപയോഗിക്കുമ്പോൾ ‘ഓവർഹൈഡ്രേഷനും’ ‘ജല ലഹരിയും’ സംഭവിക്കുന്നു’, വഡോദ്രയിലെ സ്റ്റെർലിംഗ് ഹോസ്പിറ്റലിലെ ജനറൽ ഫിസിഷ്യൻ സീനിയർ കൺസൾട്ടന്റ് ഡോ മനോജ് മേത്ത പറയുന്നു.

shortlink

Post Your Comments


Back to top button