കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ലൈംഗികമായി അപമാനിച്ചിട്ടും സ്‌കൂളിന്റെ പേര് പോകുമെന്ന് ഭയന്ന് സംഭവം മറച്ചുവെച്ച പ്രിന്‍സിപ്പലും സഹപ്രവര്‍ത്തകരും അറസ്റ്റില്‍. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം.
പീഡന വിവരം മറച്ചുവെച്ചതിനും പ്രതിയ്ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതിനുമാണ് അറസ്റ്റ്. പ്രിന്‍സിപ്പല്‍ ശിവകല, അദ്ധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തറയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരാണിവര്‍. പോക്‌സോ വകുപ്പിലെ സെക്ഷന്‍ 21 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ധ്യാപകന്‍ കിരണ്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. ലൈംഗികമായി അതിക്രമിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയുമായിരുന്നു. സംഭവം പോലീസ് അറിഞ്ഞതോടെ കേസെടുക്കുകയും ഒളിവില്‍ പോയ കിരണിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂളിലെ സഹപ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
കിരണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചുവെന്ന് മനസിലായിട്ടും വിവരം മറച്ചുവെച്ചതിനാണ് മറ്റ് അദ്ധ്യാപകര്‍ അറസ്റ്റിലായത്. കൂടാതെ പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ഇവര്‍ നിര്‍ബന്ധിച്ചതായും പോലീസ് പറയുന്നു. വിദ്യാര്‍ത്ഥിനിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് വിവരം. സ്‌കൂളിന്റെ പേരു പോകുമെന്ന് ഭയന്നാണ് അദ്ധ്യാപകര്‍ ഇതിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ദിവസം സ്വകാര്യ ബസ് സമരം ഉണ്ടായതിനെ തുടര്‍ന്ന് ഇരുചക്ര വാഹനത്തിലാണ് അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും യാത്ര ചെയ്തത്. തുടര്‍ന്ന് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അദ്ധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിറ്റേന്ന് സ്‌കൂളിലെത്തി തന്റെ സഹപാഠികളോട് ഇക്കാര്യം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പോലീസ് വിവരമറിയുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പട്ടിമറ്റം സ്വദേശി കിരണിനെ തിങ്കളാഴ്ച ഉച്ചയോടെ നാഗര്‍കോവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments