പാലാ: കടനാട്ടില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ട് സ്കൂള്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍ജിന്‍, അര്ജുന് എന്നിവര്‍ക്കാണ് കടിയേറ്റത്.
കടിയേറ്റവരില്‍ നാട്ടുകാരായ നാലുപേരും ഉള്‍പ്പെടുന്നു. നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. കടനാട് പഞ്ചായത്തിലെ വല്യാത്ത്, കടനാട് ടൗണ്‍ പ്രദേശങ്ങളിലാണ് നായുടെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെ 8.30ഓടെ സൈക്കിളില്‍ സ്കൂളിലേക്ക് വരുമ്പോള്‍ വല്യാത്ത് കവലക്കുസമീപം പിന്തുടര്ന്നെത്തിയ പേപ്പട്ടി ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും കാലിലാണ് കടിയേറ്റത്.
Read Also : എയർടെൽ 5ജി ഇനി ഗുവാഹത്തിയിലും, സേവനങ്ങൾ ഉടൻ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധ്യത
പുലര്‍ച്ച സ്കൂട്ടറില്‍ പോകുകയായിരുന്ന കടനാട് സ്വദേശി ടോമിയെ വാളികുളത്തുവെച്ച് പിന്നാലെയെത്തിയാണ് ആക്രമിച്ചത്. തുടര്‍ന്ന്, പാലസ് ജങ്ഷന് സമീപം രാജേഷിനെ വീട്ടില്‍ കയറി കടിച്ച് മുറിവേൽപിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോകുകയായിരുന്ന പിഴക് സ്വദേശി തോമസിനെയും വല്യാത്ത് സ്വദേശി ടാപ്പിങ് തൊഴിലാളി തങ്കച്ചനെയും നായ് കടിച്ചു. വല്യാത്ത് വാടകക്ക് താമസിക്കുന്ന ശ്രീലക്ഷ്മിയുടെ വീട്ടില്‍ പ്രസവിച്ചു കിടന്ന നായെ കടിക്കുകയും നാല് കുഞ്ഞുങ്ങളെ കടിച്ചുകൊല്ലുകയും ചെയ്തു. പരിക്കേറ്റവരെല്ലാം പ്രഥമശുശ്രൂഷക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു സ്ഥലം സന്ദർശിച്ചു. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി. പിന്നീട് പേപ്പട്ടിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു.
സംഭവമറിഞ്ഞ് മാണി സി. കാപ്പന് എം.എല്‍.എ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. മേലുകാവ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
Post Your Comments