Latest NewsIndia

റോസ്ഗാര്‍ മേള : രാജ്യത്തുടനീളം 71,000 പേർക്ക് കൂടി പ്രധാനമന്ത്രി നിയമന ഉത്തരവ് നൽകും

ന്യൂഡല്‍ഹി: രാജ്യത്ത് 45 കേന്ദ്രങ്ങളിലായി 71000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകും. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായാണ് നിയമന ഉത്തരവ് നല്‍കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിതെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിലും ഇത് ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 22നും 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിരുന്നു. കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും തസ്തികകളിലെ ഒഴിവുകൾ വിലയിരുത്തിയ ശേഷമാണ് ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് ജോലി നൽകുമെന്ന പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍ഡിസികള്‍, സ്റ്റെനോഗ്രാഫര്‍മാര്‍, പിഎമാര്‍, ആദായ നികുതി ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പരിപാടിയില്ല. കൂടാതെ, പുതിയ റിക്രൂട്ട്‌മെന്റുകൾക്കായി നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്ന പരിപാടി ഇന്ത്യയിലെ 45 സ്ഥലങ്ങളിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button