പാലക്കാട്: കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്കേറ്റു. നാടൻ പശുവിനെ സംരക്ഷിക്കുന്ന ടി.എസ്. സവ്യന്റെ‘കൃഷ്ണ’ ഇനത്തിൽപ്പെട്ട ആറുമാസം ഗർഭിണിയായ പശുവിനാണ് പരിക്കേറ്റത്.
അകത്തേത്തറ മരുതക്കോട്ടിൽ ഞായറാഴ്ച രാവിലെ 5.30-ഓടെയാണ് സംഭവം. വയറിൽ ആഴത്തിലുള്ള മൂന്നു മുറിവുകളാണുള്ളത്. പിന്നിലെ കാലിനും സാരമായ പരിക്കുണ്ട്. കൂട്ടമായി എത്തിയ കാട്ടാനകളിലൊന്നാണ് പശുവിനെ ആക്രമിച്ചത്.
അതേസമയം, പരിക്കേറ്റ പശുവിനെ ചികിത്സിക്കാൻ മൃഗഡോക്ടർമാരുടെ സേവനം ലഭിക്കാൻ വൈകിയതായി ഉടമ ആരോപിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ കൊഴിഞ്ഞാമ്പാറയിലുള്ള ദക്ഷിണ വൃന്ദാവൻ എന്ന സംഘടന പശുവിനെ ഉയർത്തുന്നതിനും ചികിത്സ നൽകുന്നതിനും എത്തിയപ്പോഴാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ഡോക്ടറും സ്ഥലത്തെത്തിയത്. രാവിലെ മുതൽ പല ഡോക്ടർമാരെയും വിളിച്ചെങ്കിലും ആരും വരാൻ തയ്യാറായില്ലെന്ന് ഉടമ പറഞ്ഞു.
പ്രാഥമിക ചികിത്സ നൽകിയശേഷം ഉച്ചയോടെ സംഘടന പശുവിനെ കൊഴിഞ്ഞാമ്പാറയിലെ ഗോശാലയിലേക്ക് കൊണ്ടുപോയി. പശുവിന്റെ വയറിനകത്ത് തുന്നലുണ്ട്.
Post Your Comments