Latest NewsKeralaNews

കൊച്ചിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിയിടപാടുകള്‍ നടന്നതായി സംശയം

കൊച്ചി: കാസര്‍ഗോഡ് സ്വദേശിനിയും പത്തൊന്‍പതുകാരിയുമായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ എറണാകുളം എംജി റോഡിലെ അറ്റ്‌ലാന്റിസ് ജംക്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം. ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിയിടപാടുകള്‍ നടന്നതു സ്ഥിരീകരിക്കാന്‍ പൊലീസിനു പുറമേ എക്‌സൈസും അന്വേഷണം ആരംഭിച്ചു. മദ്യം വിളമ്പാന്‍ യുവതികളെ നിര്‍ത്തിയത് ഉള്‍പ്പെടെ ഹോട്ടലിനെതിരെ 6 കേസുകളാണ് ഒരു വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്തത്.

Read Also: ‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത്, കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്തണം’

ബാറിന്റെ ഉദ്ഘാടനത്തിന് മദ്യം വിളമ്പാന്‍ യുവതികളെ നിയോഗിച്ചത് വിവാദമായിരുന്നു. അനുവദനീയ സമയം കഴിഞ്ഞ് മദ്യം നല്‍കിയതിനും സ്റ്റോക്കിലെ പൊരുത്തക്കേടുകള്‍ക്കുമായിരുന്നു മറ്റു നടപടികള്‍. കുടിക്കാന്‍ നല്‍കിയ ബിയറില്‍ പ്രതികള്‍ എന്തോ കലര്‍ത്തിയതായി സംശയമുണ്ടെന്നും അതു കുടിച്ചതോടെ ശരീരം തളര്‍ന്നതായും അതിജീവിത മൊഴി നല്‍കിയിരുന്നു. ലഹരിമരുന്നിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ പരിശോധനാഫലം പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ വിശദമായ പരിശോധനയ്ക്കായി സാംപിളുകള്‍ ലാബിലേക്കയച്ചു.

പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം എക്‌സൈസ് വകുപ്പും ബാറില്‍ പരിശോധന നടത്തി. പൊലീസിന്റെ രേഖകള്‍ പ്രകാരം യുവതിക്ക് 19 വയസ്സാണു പ്രായം. 23 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, ബാറില്‍ യുവതി നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ്സ് ഇരുപത്തിയഞ്ചാണ്. പ്രായം സംബന്ധിച്ച് വ്യക്തത വരുത്തിയശേഷം കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എക്‌സൈസ് സ്വീകരിക്കും. ബാറിലെ സിസിടിവികള്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

അറസ്റ്റിലായ നാല് പ്രതികളെയും ഡിസംബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ചതന്നെ കോടതിയില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കാനാണ് നീക്കം. കേസില്‍ അതിജീവിതയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ (21-ഡോളി), കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍ (26), മേത്തല നിഥിന്‍ മേഘനാഥന്‍ (35), കാവില്‍കടവ് ടി.ആര്‍.സുധീപ് (34) എന്നിവരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഡിജെ പാര്‍ട്ടിക്കു പോകാമെന്നു പറഞ്ഞു ഡിംപിള്‍ ലാംബയാണു യുവതിയെ ബാറിലേക്കു കൂട്ടിക്കൊണ്ടുവന്നതെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button