തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമവും മത്സ്യോത്സവം സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായലുകൾ, തടാകങ്ങൾ, പുഴകൾ, ശുദ്ധജലതടാകങ്ങൾ എന്നിവ ഉൾപ്പെടുന്ന ജലസമ്പത്തിനെ കൃത്യമായി ഉപയോഗിക്കാൻ കഴിയണം. ഇതിന് ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കണം. ഇതിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയും. ഇതിനുളള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനത്തിനു സഹകരണ സംഘങ്ങളിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സജ്ജരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണ്. ഇതിനാവശ്യമായ ആധുനിക യാനങ്ങൾ സംസ്ഥാന സർക്കാർ ലഭ്യമാക്കും. ജനസംഖ്യയിൽ കേരളത്തെക്കാൾ കുറവുള്ള നോർവേ ആഴക്കടൽ മത്സ്യബന്ധനത്തിൽ ബഹുദൂരം മുന്നിലാണ്. ചരിത്രപരമായിത്തന്നെ സമുദ്ര മേഖലയിൽ മികച്ച പ്രവർത്തന അനുഭവമുള്ളവരാണു കേരളീയർ. ഈ സാധ്യതകൾ ഉപയോഗിക്കുന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യ ഉൽപ്പന്നങ്ങളുടെ സംസ്‌കരണം, ശീതീകരണം എന്നിവ നടത്താനും കമ്പോളത്തിലെത്തിക്കാനും കഴിയണം. ഇതോടൊപ്പം ജലമലിനീകരണത്തിന്റെ തോതും കുറയ്ക്കണം. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ ജലാശയങ്ങളുടെ സ്വാഭാവികത ഇല്ലാതാക്കുകയും മത്സ്യ സമ്പത്ത് കുറയ്ക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്തുന്നതോടൊപ്പം ജീവിത സുരക്ഷയും സർക്കാർ ഉറപ്പു വരുത്തുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുക വിതരണവും മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള സ്വാഗതം ആശംസിച്ചു. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 18ന് ആരംഭിച്ച മത്സ്യോത്സവം മേളയിൽ സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, മത്സ്യത്തൊഴിലാളി സംഗമങ്ങൾ, മത്സ്യ കർഷകരുടെ സംഗമം, മത്സ്യത്തൊഴിലാളി വനിതാകൂട്ടായ്മ, കുട്ടികൾക്കായി കിഡ്സ് ഗാല കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിവിധ വകുപ്പുകൾ, കേന്ദ്ര വകുപ്പുകൾ, ഏജൻസികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടേത് ഉൾപ്പെടെ നൂറോളം സ്റ്റാളുകൾ മേളയുടെ ഭാഗമായി. അലങ്കാരമത്സ്യങ്ങളുടെയും മത്സ്യകൃഷി ഉപകരണങ്ങളുടെയും വിൽപ്പനയും മത്സ്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
Post Your Comments