ദോഹ: ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് തുടക്കമാവും. ഡിസംബര്‍ 18നാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.
ലോക മാമാങ്കം കാണാനായി പതിനായിരങ്ങളാണ് ബാഗും പാക്ക് ചെയ്ത് ഖത്തറിലേക്ക് പറക്കാനിരിക്കുന്നത്. എന്നാൽ, ഒരു മുസ്ലീം രാഷ്ട്രമായ ഖത്തറിൽ യാത്ര ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ഓർത്തിരിക്കേണ്ടതുണ്ട്. ഇവിടെ ചെയ്യാവുന്നതും, ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യാത്രയ്ക്ക് മുൻപേ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഹയ കാർഡ്
ലോകകപ്പ് ആസ്വദിക്കാൻ ഖത്തർ സന്ദർശിക്കുന്ന യാത്രക്കാർക്കായി ലഭിക്കുന്ന തിരിച്ചറിയൽ കാർഡാണ് ഹയ കാർഡ്. കാർഡിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കാണേണ്ട മത്സരങ്ങളെ കുറിച്ചും, ഏത് സ്റ്റേഡിയത്തിലാണെന്നതും, ടിക്കറ്റ് നമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് കാലയളവിൽ ഈ കാർഡ് മാത്രം മതിയാവും ഒരാൾക്ക് ഖത്തറിൽ സഞ്ചരിക്കാൻ.
പുകവലിയും മദ്യപാനവും പാടില്ല
സാധാരണ ഫുട്ബോൾ മത്സരങ്ങളിൽ തുളുമ്പുന്ന വലിയ ബിയർ ഗ്ലാസുമായി കളി കാണുന്ന കാണികളെ കണ്ടിരിക്കും. എന്നാൽ, ഇതൊന്നും ഖത്തറിൽ പ്രതീക്ഷിക്കുകയേ വേണ്ട. പുകവലിയും ഇവിടെ നിരോധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇ സിഗരറ്റ്, ലൈറ്ററുകൾ തുടങ്ങിയവ സ്റ്റേഡിയത്തിൽ അനുവദിക്കില്ല. ഖത്തറിലേക്ക് മദ്യം കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണ്. ഈ നിയന്ത്രങ്ങൾ തെറ്റിച്ചാൽ ഒരാൾക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കും. മദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ലൈസൻസുള്ള റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യം കഴിക്കാൻ അനുവാദമുണ്ട്.
ധരിക്കുന്ന വസ്ത്രവും ശ്രദ്ധിക്കണം
ഇസ്ലാമിക നിയമങ്ങൾ കർശനമായി പിന്തുടരുന്ന ഖത്തറിൽ കർശനമായ വസ്ത്ര ധാരണ രീതിയും പിന്തുടരേണ്ടതുണ്ട്. എന്നാൽ, ഇപ്പോൾ ലോകകപ്പ് പ്രമാണിച്ച് ഇതിൽ ചെറിയ ഇളവ് അധികാരികൾ വരുത്തിയിട്ടുണ്ട്. ചർമ്മം പുറത്ത് കാട്ടുന്ന വസ്ത്രങ്ങൾ ധരിച്ച് പൊതു ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല.
പൊതുസ്ഥലങ്ങളിൽ ചെറിയ പാവാടയും സ്റ്റീവ്ലെസ് ടോപ്പും ധരിക്കരുത്. ഖത്തറിന്റെ സംസ്കാരത്തിനെതിരായതിനാൽ പൊതുസ്ഥലത്ത് സ്നേഹം പ്രകടിപ്പിക്കരുത്. അതായത് പങ്കാളിയെ ഒന്ന് കെട്ടിപിടിക്കാനോ, ചുംബിക്കാനോ തോന്നിയാൽ അരുത്. ഖത്തർ ടൂറിസം അതോറിറ്റി ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നു.
അശ്ലീല ആംഗ്യങ്ങൾ കാണിച്ചാൽ എട്ടിന്റെ പണി
പൊതു സ്ഥലങ്ങളിൽ കൈകൾ, വിരലുകൾ എന്നിവ ഉയർത്തി അശ്ലീല ആംഗ്യങ്ങൾ കാണിച്ചാൽ പോലും ഖത്തർ നിയമപ്രകാരം കുറ്റകരമാണ്. അശ്ലീലസാഹിത്യം, ലൈംഗിക കളിപ്പാട്ടങ്ങൾ എന്നിവയും ഇവിടെ പാടില്ല. ഇത് പോലെ ആഹാരത്തിലും നിയന്ത്രണങ്ങളുണ്ട്. പന്നിയിറച്ചി ഉൽപന്നങ്ങൾ ഇവിടെ ലഭിക്കില്ലെന്നത് അറിയാമല്ലോ, അതിനാൽ ചോദിക്കാതിരിക്കുന്നതാണ് ഉത്തമം. വിവാഹേതര ലൈംഗിക ബന്ധവും ഖത്തറിൽ പാടില്ല. പിടിക്കപ്പെട്ടാൽ ഏഴ് വർഷം വരെ അഴി എണ്ണാം.
Post Your Comments