കോഴിക്കോട്: കോഴിക്കോട് നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥി പിടിയിൽ. 41 ഗ്രാം എം.ഡി.എം.എയുമായി കക്കോവിലെ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി നല്ലളം മുതിരകലായിപറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ് പോലീസ് പിടികൂടിയത്. സൗത്ത് ബീച്ച് പള്ളിക്കണ്ടി പള്ളിക്ക് സമീപം വച്ചാണ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച എം.ഡി.എം.എയുമായി പോലീസ് അഹന്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായ അഹൻ മുഹമ്മദ് നല്ലളം കേന്ദ്രികരിച്ച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസ് ഐ.പി.എസിന് വിവരം ലഭിച്ചിരുന്നു. ഓണലൈൻ ബാങ്കിങ് വഴിയും കൊറിയർ മുഖേനയും നടത്തുന്ന അഹനിന്‍റെ ഇടപാടുകളെക്കുറിച്ചും ഡാൻസാഫ് ടീമിന് വിവരം ലഭിച്ചു. തുടര്‍ന്ന് ചെമ്മങ്ങാട് പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പ്രതിയെ പിടികൂടിയത്.
ഇയാൾ മുൻപും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും ബാഗ്ലൂരിൽ നിന്നും കൊറിയർ വഴിയാണ് ലഹരി മരുന്ന് നാട്ടിലെത്തിക്കുന്നതെന്നും ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ അനിൽ പി.വി പറഞ്ഞു. ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്പെക്ടർ അനിൽ പി.വിയുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡാൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ എസ്സി. സബ് ഇൻസ്‌പെക്ടർ ജഗൻമയൻ എസ്.സി പി.ഒമാരായ മഹേശ്വരൻ എസ്, കൃഷ്ണകുമാർ എം, സി.പി.ഒ ജിതേഷ് എൻ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Post Your Comments