
മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണി. ഭാരത് ജോഡോ യാത്ര ഇന്‍ഡോറില്‍ പ്രവേശിക്കുന്ന ദിവസം രാഹുല്‍ ഗാന്ധിയേയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമൽനാഥിനേയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്.
പിതാവ് രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്ന് കത്തിൽ പറയുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് കത്തില്‍ പരാമര്‍ശമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്‍ഡോറിലെ ഒരു പലഹാരക്കടയിലാണ് തപാല്‍ മാര്‍ഗം കത്ത് ലഭിച്ചത്. ഉടൻ തന്നെ കടയുടമ പോലീസിന് കത്ത് കൈമാറി.
കേന്ദ്ര അഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്ന് കോണ്‍ഗ്രസിന്‍റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെകെ മിശ്ര ആവശ്യപ്പെട്ടു. രാജ്യത്തിനായി ജീവന്‍ കൊടുത്ത കുടുംബത്തിലെ ഒരംഗത്തിനു കൂടി ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നേരിട്ട് കണ്ട് കമല്‍നാഥ് ജോഡോ യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതായും മിശ്ര കൂട്ടിച്ചേർത്തു.
Post Your Comments