പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസ് വിചാരണ അവാസനിക്കാനിരിക്കെ,സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെയും ഫീസ് അനുവദിച്ചില്ല.122 സാക്ഷികളുള്ള കേസിൽ ഇനി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് വിസ്തരിക്കാനുള്ളത്. തിങ്കളാഴ്ചയാണ് ഇവരുടെ വിസ്താരം നിശ്ചയിച്ചിരിക്കുന്നത്.
സാക്ഷി വിസ്താരം, സാക്ഷികളെ സ്വാധീനിക്കൽ, കൂറുമാറ്റം, സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കൽ, കൂറുമാറിയവരെ വീണ്ടും വിസ്തരിക്കൽ, പുനർ വിസ്താരത്തിൽ മൊഴി തിരുത്തൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കൽ, മധുവിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തൽ, ഭീഷണിപ്പെടുത്തിയവരുടെ അറസ്റ്റ്, മജിസ്റ്റീരിയിൽ റിപ്പോർട്ടിൻ്റെ തെളിവ് മൂല്യത്തർക്കം, അത് തയ്യാറാക്കിയവരെ വിസ്തരിക്കൽ, എന്നിങ്ങനെ അസാധാരണ നടപടികൾ ഏറയുണ്ടായ മധുകൊലക്കേസിൽ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. രഹസ്യമൊഴി തിരുത്തിയവർക്ക് എതിരെയുള്ള നടപടിയിലും കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷികൾക്ക് എതിരെയുളള ഹർജികളിലും തീരുമാനം വരാനുണ്ട്.
നേരത്തെ നിശ്ചയിച്ച പ്രോസിക്യൂട്ടർമാർ പരാജയപ്പെട്ടിടത്താണ്, രാജേഷ് എം.മേനോൻ മധുകേസിൻ്റെ ഗതിമാറ്റിയത്. 240 രൂപയാണ് സർക്കാർ
അനുവദിച്ച ഫീസ്. ചെലവെങ്കിലും തരണമെന്ന് നേരത്തെ രേഖാമൂലം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് മാത്രമല്ല , നൽകിയ കത്തിന് മറുപടി പോലും ഇല്ല.
Post Your Comments