ബെംഗളൂരു: ഭാര്യയെ ഒഴിവാക്കി മുന്‍ കാമുകിക്കൊപ്പം ജീവിക്കാനുള്ള 36കാരന്റെ സാഹസികത അവസാനിച്ചത് വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറിയതടക്കമുള്ള കേസില്‍. ബെംഗളൂരുവിലെ എച്‌എഎല്‍ വിമാനത്താവളത്തിലാണ് സംഭവം. ഈ മാസം ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അതിന് രണ്ട് ദിവസം മുന്‍പ് വിമാനത്താവളത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് അറിയാതെ എത്തിയ 36കാരനാണ് കേന്ദ്ര സുരക്ഷാ ഏജന്‍സികളേയും പൊലീസിനേയും വട്ടംകറക്കിയത്.
അസമിലെ സോനിത്പൂര്‍ ജില്ലയില്‍ നിന്നുള്ള മേസണ്‍ മുകുന്ദ് ഖൗണ്ടാണ് അതീവ സുരക്ഷാ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇയാള്‍ ആദ്യമായാണ് ബെംഗളൂരുവില്‍ എത്തുന്നത്. ഖൗണ്ടും കാമുകിയായ പൂര്‍വിയും വിവാഹത്തിന് മുന്‍പേ പ്രണയത്തിലായിരുന്നു. പൂര്‍വിയുടെ ഭര്‍ത്താവ് എച്‌എഎല്‍ മേഖലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യയെ ഒഴിവാക്കി മുന്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ടായിരുന്നു ഇയാളുടെ വരവ്. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കിയ പൂര്‍വിയുടെ ഭര്‍ത്താവ് ഇരുവരേയും കൈയോടെ പിടികൂടി. യുവാവും ഭര്‍ത്താവും തമ്മിലും ഇതിനെച്ചൊല്ലി അടിയുമായി. ഇതിന് പിന്നാലെയാണ് ഇയാള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. ഈ ഓട്ടമാണ് വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടക്കുന്നതില്‍ അവസാനിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശം പ്രമാണിച്ച് അതീവ സുരക്ഷാ മേഖലയായി മാറ്റിയ സ്ഥലത്താണ് ഇയാള്‍ മതിൽ ചാടി കയറിയത്. എന്നാല്‍, ഇക്കാര്യം യുവാവിന് അറിയില്ലായിരുന്നു. ഗേറ്റ് നമ്പര്‍ മൂന്നിന് സമീപം രണ്ട് തവണ എയര്‍പോര്‍ട്ട് കോമ്പൗണ്ടില്‍ കയറാന്‍ ശ്രമിക്കുന്ന ആളിന്റെ ദൃശ്യങ്ങള്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ സിസിടിവിയില്‍ കാണുകയും ഉടന്‍ തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് ചോദ്യം ചെയ്യുന്നതിനായി എച്ച്‌എഎല്‍ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിലാണ് ഇയാള്‍ സത്യാവസ്ഥ പുറത്തു വന്നത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
Post Your Comments