ന്യൂഡല്‍ഹി: ശ്രദ്ധ കൊല്ലപ്പെട്ട മെയ് മാസത്തില്‍ തന്നെ ശരീരത്തിലേറ്റ മുറിവിന് അഫ്താബ് അമീന് പൂനവാലെ ചികിത്സ തേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍. മെയ് മാസത്തിലാണ് കയ്യിലേറ്റ മുറിവിന് ചികിത്സ തേടി അഫ്താബ് ആശുപത്രിയിലെത്തുന്നത്. ഈ സമയം അഫ്താബ് വളരെ അധികം അസ്വസ്ഥനായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
Read Also: വഞ്ചനാ കേസിൽ പ്രതിയായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
‘ഇക്കഴിഞ്ഞ മെയ് മാസം രാവിലെയാണ് അഫ്താബ് ആശുപത്രിയിലെത്തിയത്. കയ്യില്‍ പരിക്കുമായി ഒരാള്‍ വന്നിട്ടുണ്ടെന്നാണ് അസിസ്റ്റന്റ് പറഞ്ഞത്. നീളത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും അത് ആഴത്തിലുള്ളതായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ പഴം മുറിക്കുമ്പോള്‍ മുറിഞ്ഞതാണെന്നായിരുന്നു അയാളുടെ മറുപടി. തൊലപ്പുറത്തായിരുന്നു പരിക്ക് കൂടുതല്‍. ചികിത്സയ്ക്കിരുന്ന സമയത്തെല്ലാം ആള് വളരെ അധികം അസ്വസ്ഥത കാണിച്ചിരുന്നു. ആഴത്തിലുള്ളതല്ലെങ്കിലും സ്റ്റിച്ച് ഇടാന്‍ പാകത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. വേദനയുള്ളതായി ഒരു തവണ പോലും പറഞ്ഞില്ല.
‘ഇംഗ്ലീഷിലായിരുന്നു സംസാരം മുഴുവനും. ഡല്‍ഹിയില്‍ നിന്നാണ് വരുന്നതെന്നും, ഡല്‍ഹിയില്‍ ഐടി മേഖലയില്‍ ധാരാളം അവസരങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ വന്നുമെന്നുമാണ് പറഞ്ഞത്. ഓണ്‍ലൈന്‍ വഴിയാണ് ചികിത്സക്കുള്ള പണമടച്ചത്. കഴിഞ്ഞ ദിവസം അഫ്താബിനേയും കൊണ്ട് പോലീസുകാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴേ അവനെ തിരിച്ചറിഞ്ഞു. ഇവിടെ ചികിത്സ തേടിയിട്ടുണ്ടോ എന്നായിരുന്നു പോലീസുകാര്‍ ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ കൊലപാതകത്തിന്റെ വിവരമറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി’,ഡോക്ടര്‍ പറയുന്നു.
അതേസമയം, അഫ്താബ് സമൂഹമാദ്ധ്യമങ്ങളില്‍ നേരത്തെ പങ്കുവച്ച ഒരു പോസ്റ്റും ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പഴങ്ങള്‍ എങ്ങനെ നന്നായി കഷണങ്ങളാക്കാം എന്നതിനെ കുറിച്ചുള്ള ഒരു ലിങ്കാണ് ഇയാള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കു വച്ചിരിക്കുന്നത്. 2016ലാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. അഫ്താബ് സമാനമായ രീതിയിലുള്ള വീഡിയോകള്‍ കാണാറുണ്ടെന്ന് പോലീസും പറയുന്നു. ഇത്തരം വീഡിയോകളില്‍ നിന്നും ലഭിച്ച അറിവാണ് ശ്രദ്ധയുടെ ശരീരം വെട്ടിനുറുക്കുന്ന നേരത്തും അഫ്താബ് ഉപയോഗിച്ചതെന്നും പോലീസ് പറയുന്നു.
Post Your Comments