KeralaLatest NewsNews

മയക്കുമരുന്നിനെതിരായി ഗോൾ ചലഞ്ചിന് തുടക്കമായി: എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ ചലഞ്ചിന്റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Read Also: അവര്‍ കുട്ടികളല്ലേ,ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍ എന്ന എസ്എഫ്‌ഐയുടെ പോസ്റ്ററിനെ ന്യായീകരിച്ച് മന്ത്രി ആര്‍.ബിന്ദു

ഫുട്‌ബോൾ ലോകകപ്പിന്റെ ആവേശത്തെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗംകൂടിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മുക്കിലും മൂലയിലും അലയടിക്കുന്ന ഫുട്‌ബോൾ ആവേശം ലഹരിക്കെതിരായ പോരാട്ടം കൂടിയാകണം. അതിന്റെ ഭാഗമായി രണ്ടു കോടി ഗോളുകൾ അടിക്കാനാണ് ഗോൾ ചാലഞ്ചിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരിയെന്ന ഈ പരിപാടി എല്ലാ വാർഡിലും വിദ്യാലയങ്ങളിലും അൽക്കൂട്ടങ്ങളിലും പൊതു ഇടങ്ങളിലും സജീവമായി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടം ഊർജസ്വലമാകുന്നതിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് ഉ്ദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ലഹരിയുടെ ഉപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും മയക്കുമരുന്നിന്റെ സ്വാധീനമുണ്ടെന്നാണു കണ്ടെത്തൽ. ഈ വിപത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുകയെന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേ സമയം എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തിയും ജനങ്ങളെ അണിനിരത്തിയുമാണ് മയക്കുമരുന്നിനെതിരേ കേരളം പോരാടുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കേരളം പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. കക്ഷിരാഷ്ട്രീയ ജാതി മത, ലിഗംഭേദമില്ലാതെ മലയാളികൾ ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരായി പോരാടണമെന്നും അദ്ദേഹം വിശദമാക്കി.

ഗോൾ ചാലഞ്ചിന് തുടക്കമിട്ട് വേദിക്കരികിൽ ഒരുക്കിയ ഗോൾ പോസ്റ്റിൽ മന്ത്രിമാർ ഗോളടിച്ചു. തുടർന്നു വിശിഷ്ടാതിഥികളും വിദ്യാർത്ഥികളുമെല്ലാം ഗോൾ പോസ്റ്റിൽ ലഹരിക്കെതിരായ ഗോളുകൾ നിറച്ചു. ആദ്യ ദിനത്തിൽ ഉദ്ഘാടന വേദിയിൽത്തന്നെ 1272 ഗോളുകൾ രേഖപ്പെടുത്തി. വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, എക്‌സൈസ് കമ്മിഷണർ ആനന്ദകൃഷ്ണൻ, അഡിഷണൽ എക്‌സൈസ് കമ്മിഷണർ ഡി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

മയക്കുമരുന്നിനെതിരായ നോ ടു ഡ്രഗ്‌സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാർഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും. തദ്ദേശ സ്വയം ഭരണ വാർഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ഒരു പോസ്റ്റ് തയ്യാറാക്കി, എപ്പോൾ വേണമെങ്കിലും ആർക്കും വന്ന് ഗോളടിക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോൾ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളിലും ‘നോ ടു ഡ്രഗ്‌സ്’ എന്ന് പതിപ്പിക്കണം. ഓരോ പോസ്റ്റിലും ഗോൾ ചലഞ്ച് ഉദ്ഘാടനവും പെനാൾട്ടി ഷൂട്ടൗട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കും.

Read Also: റെക്കോർഡ് നേട്ടത്തിൽ കയറ്റുമതി വരുമാനം, രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഭാരത് ഫോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button