ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ എയ്ഡഡ് സ്‌കൂളില്‍ നിന്ന് കാണാതായ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ വീട്ടില്‍ പോയതെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കി യഥാര്‍ത്ഥ കാരണം കണ്ടെത്തും.
രാവിലെ സ്‌കൂളില്‍ വന്നതിന് ശേഷമാണ് മൂവരും അപ്രത്യക്ഷരായത്. വിവരം അദ്ധ്യാപകര്‍ അറിഞ്ഞത് 10.45 നാണ്. അപ്പോള്‍ തന്നെ വിവരം പൊലീസിന് കൈമാറി. ചെങ്ങന്നൂര്‍ സബ്ഡിവിഷന് കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് ഡിവൈ.എസ്പി ഡോ. ആര്‍. ജോസിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് വിവരം കിട്ടിയത്. ഇതോടെ കോണ്‍ഫറന്‍സ് നിര്‍ത്തി വച്ച് പൊലീസ് അലര്‍ട്ടായി. ചെങ്ങന്നൂര്‍ ഡിവൈ.എസ്പിക്ക് കീഴിലുള്ള ഏഴ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോണ്‍ഫറന്‍സിനുണ്ടായിരുന്നത്. ഇവര്‍ ഏഴു സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടങ്ങി.
കേരളത്തിലെ മുഴുവന്‍ സ്റ്റേഷനുകളിലേക്കും വയര്‍ലസ് സന്ദേശം പാഞ്ഞു. ജില്ലയിലെ മുഴുവന്‍ പൊലീസിനെയും അലര്‍ട്ട് ചെയ്തു കൊണ്ട് ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളിലും അടക്കം എല്ലായിടത്തും പരിശോധന കര്‍ശനമാക്കി. അങ്ങനെ പരിശോധന നടക്കുന്നതിനിടെയാണ് കുട്ടികളെ ബുധനൂരില്‍ നിന്ന് കണ്ടെത്തിയത്. ഒരു മണിക്കൂറിന് ശേഷമാണ് ബുധനൂരിന്റെ ഉള്‍പ്രദേശത്ത് നിന്നും കൂട്ടികളെ പൊലീസ് സംഘം കണ്ടെത്തിയത്. ഇവിടെ അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ പോയെന്നാണ് കുട്ടികള്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ബാഹ്യഇടപെടല്‍ ഉണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ പരിശോധന നടത്തും.
Post Your Comments