ആലപ്പുഴ: ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ജ്ഞാനവും അജ്ഞാതവുമായ കാര്യങ്ങളുണ്ടെന്നും അതിന്റെയെല്ലാം അടിസ്ഥാനത്തിൽ പറഞ്ഞാൽ ശബരിമലയില്‍ 50 വയസ്സു കഴിഞ്ഞ സ്ത്രീകളെ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്നും ജി സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐഎം നേതാവ്.
രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട നരബലിക്കാർ കേരളത്തില്‍ കൂടിവരികയാണെന്നും സുധാകരന്‍ പറഞ്ഞു. ഹിന്ദു പുരോഹിതര്‍ കല്ല്യാണത്തിനും മറ്റു പൊതു ചടങ്ങുകള്‍ക്കും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണമെന്ന് താന്‍ പറഞ്ഞത് ചിലര്‍ വിവാദമാക്കി. ക്രിസ്ത്യന്‍, മുസ്ലീം പുരോഹിതര്‍ പാദം പോലും രാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ കൂട്ടിചേര്‍ച്ചു.
ലോകത്ത് ജ്ഞാനവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം ജ്യോതിഷത്തിനും പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ട് പോകണമെന്നും ജി സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കമ്മ്യൂണിസ്റ്റുകളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്ന പരാമർശവും ജി സുധാകരൻ ഉന്നയിച്ചു. ഇവിടെയിപ്പോള്‍ കോണ്‍ഗ്രസിനേയും കമ്മ്യൂണിസ്റ്റുകളേയും തിരിച്ചറിയാന്‍ കഴിയാതെയായി. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാവാതെ കുറേപ്പേര്‍ രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോണ്‍ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു.
Post Your Comments