ന്യൂഡൽഹി: ഡൽഹിയിൽ മുൻ സൈനികനെ പോപ്പുലർ ഫ്രണ്ടുകാർ തട്ടിക്കൊണ്ട് പോയതായി ബന്ധുക്കളുടെ പരാതി. സർക്കാർ സർവ്വോദയ കന്യാ വിദ്യാലയത്തിലെ ജീവനക്കാരൻ കൂടിയായ രാജേന്ദ്ര പ്രസാദിനെയാണ് കാണാതായത്. പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. തിങ്കളാഴ്ച മുതലാണ് രാജേന്ദ്ര പ്രസാദിനെ കാണാതാവുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ രാജേന്ദ്ര പ്രസാദ് വീട്ടിൽ എത്തിയില്ല.
ഫോണിൽ നിരവധി തവണ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടെ ഭാര്യയുടെ ഫോണിലേക്ക് ഒരു വാട്സ് ആപ്പ് സന്ദേശം എത്തി. ഇതോടെയാണ് പരാതിയുമായി കുടുംബം പോലീസിനെ സമീപിക്കുന്നത്. രാജേന്ദ്ര പ്രസാദിനെ കാണാതായതിന് പിറകെ വാട്സ് ആപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടിയുടെ ചിത്രവും കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശവുമാണ് എത്തുന്നത്. പാകിസ്താനിൽ നിന്നാണ് സന്ദേശം എന്നും സന്ദേശം അയച്ചയാൾ വ്യക്തമാക്കുന്നു.
പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രതികളുമായി ബന്ധപ്പെട്ട് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ ഏതാനും നാളുകളായി ഒരു സംഘടനയിലെ ആളുകൾ പിന്തുടരുന്നുണ്ടെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞതായി കുടുംബം പറയുന്നു. അവരുടെ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ പല പ്രാവശ്യം നിർബന്ധിച്ചു. വഴങ്ങാതെ വന്നതോടെയാകാം അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments