തിരുവനന്തപുരം: കാമുകനായ ഷാരോണിനെ മുൻപ് പലതവണ കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മയുടെ മൊഴി. പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗ്രീഷ്മയുടെ പുതിയ മൊഴി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളേജിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസിൽ ഗുളിക കലർത്തിയത്. തലേദിവസം തന്നെ ഇതിനായി 50 ഡോളോ ഗുളികകൾ കുതിർത്ത് കയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ, ജ്യൂസ് കുടിച്ചപ്പോൾ കയ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഷാരോൺ തുപ്പിക്കളയുകയും ഛർദ്ദിക്കുകയും ചെയ്തുവെന്നാണ് ഗ്രീഷ്മ പറയുന്നത്.
അതേസമയം, ഷാരോൺ കേസ് കേരള പൊലീസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും സാങ്കേതികപ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടാമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ (ഡിജിപി) നിയമോപദേശം. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെങ്കിലും കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലായതിനാൽ തമിഴ്‌നാട് പൊലീസിന് കേസ് അന്വേഷിക്കാം.
പാറശാല പൊലീസ് എടുത്ത കേസായതിനാൽ കേരള പൊലീസ് അന്വേഷിക്കുന്നതിന് നിയമപരമായ തടസ്സമില്ല. എന്നാൽ, കേരള പൊലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകുമ്പോൾ ഇത്തരം സാങ്കേതികപ്രശ്നങ്ങൾ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്യാനിടയുണ്ടെന്നും ഡിജിപി ടി എ ഷാജി വ്യക്തമാക്കി. കേസ് ആരന്വേഷിക്കണമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയത്. കേരള പൊലീസ് അന്വേഷിച്ചാൽ മതിയെന്നാണ് ഷാരോണിന്റെ ബന്ധുക്കളുടെ നിലപാട്.
Post Your Comments