CricketLatest NewsNewsSports

തകര്‍പ്പന്‍ ഫോമിലുള്ള ആ താരത്തെ ഭയക്കണം: ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി മുൻ നായകൻ നാസര്‍ ഹുസൈന്‍. തകര്‍പ്പന്‍ ഫോമിലുള്ള മധ്യനിര ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവിനെ ഭയക്കണം എന്നാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ പറയുന്നത്. ലെഫ്റ്റ്-ആം സ്‌പിന്നര്‍മാര്‍ക്കെതിരായ പ്രകടനം മാത്രമാണ് സൂര്യയ്ക്ക് മോശമെന്നും പോരായ്‌മ കണ്ടെത്തി താരത്തെ വീഴ്ത്തണമെന്നും മുൻ നായകൻ പറയുന്നു.

‘സൂര്യകുമാര്‍ യാദവ് മികച്ച താരമാണ്. 360 എന്ന വിശേഷണം സൂര്യകുമാറിന്‍റെ കാര്യത്തില്‍ ശരിയാണ്. ഓഫ്‌ സ്റ്റംപിന് പുറത്തുനിന്നുള്ള പന്ത് ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സറടിക്കും. അസാധാരണ സ്ഥലങ്ങളിലേക്ക് സൂര്യ കൈക്കുഴ ഉപയോഗിച്ച് പന്തടിക്കും’.

‘അദ്ദേഹത്തിന് സമകാലിക താരങ്ങള്‍ക്ക് ആവശ്യമായ കരുത്തും നല്ല ബാറ്റ് സ്‌പീഡുമുണ്ട്. എന്തെങ്കിലും പോരായ്‌മ കണ്ടെത്തുക സൂര്യകുമാറില്‍ പ്രയാസമാണ്. ലെഫ്റ്റ്-ആം സ്‌പിന്നര്‍മാര്‍ക്കെതിരായ പ്രകടനം മാത്രമാണ് അല്‍പം മോശമുള്ളത്’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

നിലവിലെ ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാമതാണ് സൂര്യകുമാര്‍ യാദവ്. 2021ല്‍ മാത്രം അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ടാണ് ഏറ്റവും മികച്ച പുരുഷ ടി20 ബാറ്റ്സ്മാനായത്. ഒരു കലണ്ടര്‍ വര്‍ഷം 1000 ടി20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തി 2022ല്‍ സൂര്യ.

ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ താരം 225 റണ്‍സ് നേടിക്കഴിഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കഴിഞ്ഞ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ 25 പന്തില്‍ പുറത്താകാതെ 61 റണ്‍സ് നേടിയ സൂര്യയെ പ്രശംസിച്ച് മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു.

Read Also:- ‘സമയം പുലർച്ചെ 2.15, ഒരാൾ പോലും അലോസരം കാണിച്ചില്ല’: ആ 8 മിനിറ്റ് കൊണ്ട് ഞാനവരെ മനസ്സോട് ചേർത്തു – വൈറൽ കുറിപ്പ്

നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടും. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് മത്സരം. പാകിസ്ഥാനെയും നെതർലൻഡിനെയും ബംഗ്ലാദേശിനെയും സിംബാബ്‍വെയെയും തോൽപ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പ് 2 ചാമ്പ്യൻമാരായി സെമിയിലെത്തിയത്. സെമികളില്‍ ടീം ഇന്ത്യയും പാകിസ്ഥാനും വിജയിച്ചാല്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button