KeralaLatest NewsNews

‘പതിറ്റാണ്ടുകളായി നവോഥാന ചിന്തകളിലൂടെ കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധം ദുര്‍ബലപ്പെടുന്നു’: സുനില്‍ പി ഇളയിടം

ഷാര്‍ജ: വിവിധങ്ങളായ നവോഥാന ചിന്തകളിലൂടെ കേരളം സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. സമകാലിക കേരളീയ ജീവിതം നിരീക്ഷിച്ചാല്‍ വിപരീത ദിശയിലുള്ള കടന്നാക്രമണം നടക്കുന്നുണ്ടെന്നും, ഇത് പതിറ്റാണ്ടുകളായി കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധത്തിന്റ തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഏഴര പതിറ്റാണ്ടിന്റെ കേരളപരിണാമം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയില്‍ മറ്റൊരുദേശത്തിനും അവകാശപ്പെടാനില്ലാത്ത വിധം സമത്വവും സാഹോദര്യവുമെന്ന മാനവികമായ മൂല്യങ്ങളില്‍ നിന്നാണ് കേരളമെന്ന സങ്കല്പം രൂപപ്പെടുന്നത്. നാല്‍പതുകളില്‍ കേരളമെന്ന ആശയം ഉയര്‍ന്നുവരുമ്പോള്‍ ആധുനിക സമൂഹമെന്ന നിലയില്‍ മലയാളികള്‍ വേറിട്ടൊരു ജീവിതക്രമം കെട്ടിപ്പടുത്തിരുന്നു. കേരളീയ സമൂഹം സ്വന്തമാക്കിയ മൂല്യങ്ങള്‍ പൊടുന്നനെ രൂപപ്പെട്ടതല്ല. പതിറ്റാണ്ടുകളിലൂടെ കടന്നുപോയ നവോഥാന പ്രവര്‍ത്തനങ്ങളുടെ പിന്‍ബലമുണ്ടതിന്.

ദേശീയ പ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, ജാതി നശീകരണം, മിഷണറി പ്രവര്‍ത്തനം, മത-സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളിലൂടെ രൂപപ്പെട്ടതാണ്. സ്വാതന്ത്ര്യാനന്തരം ഒരു ആധുനിക സമൂഹമെന്ന നിലയില്‍ വളരെ പെട്ടെന്നായിരുന്നു മലയാളി സമൂഹത്തിന്റെ വളര്‍ച്ച. കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ആകര്‍ഷിക്കുന്നത് ഉയര്‍ന്ന വരുമാനം മാത്രമല്ല, അതിനപ്പുറം മനുഷ്യതുല്യമായ അവസരവും അന്തസ്സും അവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ സമകാലിക കേരളീയ ജീവിതം നിരീക്ഷിച്ചാല്‍ വിപരീത ദിശയിലുള്ള കടന്നാക്രമണം നടക്കുന്നതായി കാണാം. ഇത് പതിറ്റാണ്ടുകളായി കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധത്തിന്റെ തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു’, സുനില്‍ പി. ഇളയിടം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button