വയനാട്: വയനാട് മീനങ്ങാടിയിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവക്കായി നൂറ്റിനാൽപത് പേരടങ്ങുന്ന വനംവകുപ്പ് സംഘം ഇന്ന് തിരച്ചിൽ നടത്തും. ഇതുവരെ പ്രദേശത്ത് 18 ആടുകളെയാണ് കടുവ കൊന്നത്.
മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി, കൊളഗപ്പാറ, ആവയൽ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. കഴിഞ്ഞ രാത്രി ഏഴ് ആടുകളെ ആണ് കടുവ കൊന്നത്. ഇതേ തുടര്‍ന്ന്, നാട്ടുകാർ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വനംവകുപ്പ് കൂടുതൽ ഇടപെടലുകൾ നടത്തി. രണ്ട് മയക്കുവെടി സംഘങ്ങൾ ഉൾപ്പടെ നൂറ്റി നാൽപത് പേരുൾപ്പെടുന്ന വനം വകുപ്പ് ജീവനക്കാർ ഇന്ന് കടുവയെ കണ്ടെത്താൻ തിരച്ചിലിനിറങ്ങും. ഒരേ കടുവ തന്നെയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പെട്ടന്ന് പരിഹാരമുണ്ടായില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
നഷ്ടപരിഹാരം ഉൾപ്പെടെ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments