Latest NewsIndia

വന്ദേഭാരത് എക്‌സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും: ട്രയല്‍ റണ്‍ തുടങ്ങി, സര്‍വീസ് 11 മുതല്‍

ചെന്നൈ: ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച അതിവേഗ എക്‌സ്പ്രസ് ട്രെയിനായ വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസിന് ഒരുങ്ങുന്നു. ഇതിനു മുന്നോടിയായുള്ള ട്രയല്‍ റണ്‍ റെയില്‍വേ ആരംഭിച്ചു. ട്രെയിന്‍ സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ 75 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു.

ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് മൈസൂരുവിലേക്കാണ് ട്രെയിന്‍ സര്‍വീസ്. 483 കിലോമീറ്ററാണ് ദൂരം. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആണിത്. വന്ദേ ഭാരത് 2.0 ശ്രേണിയിലെ ട്രെയിനുകളില്‍ മുന്‍ ട്രെയിനുകളില്‍ ഇല്ലാതിരുന്ന ‘കവച്’ എന്ന പേരില്‍ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം (ടിസിഎഎസ്) ഘടിപ്പിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയില്‍ തിരിയുന്ന കൂടുതല്‍ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയര്‍കാര്‍ കോച്ചുകളും ഈ ട്രെയിനിലുണ്ട്. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. മൂന്നു മണിക്കൂര്‍ ബാറ്ററി ബാക്കപ്പുള്ള ഡിസാസ്റ്റര്‍ ലൈറ്റുകള്‍ കോച്ചുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിനിന്റെ പുറംഭാഗത്ത് 8 പ്ലാറ്റ്ഫോം സൈഡ് ക്യാമറകളുണ്ട്. കോച്ചുകളില്‍ ഓട്ടമാറ്റിക് വോയ്‌സ് റെക്കോര്‍ഡിങ് സഹിതം പാസഞ്ചര്‍-ഗാര്‍ഡ് ആശയവിനിമയ സൗകര്യവുമുണ്ടാകും.

ലോക്കോ പൈലറ്റുകള്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികള്‍ക്ക് നല്‍കുന്നത്. സീറ്റുകള്‍ക്ക് സമീപവും മറ്റും കൂടുതല്‍ ലഗേജ് സ്‌പേസുകള്‍ ഒരുക്കും. ഏറ്റവും മികച്ച രീതിയിലുള്ള ടോയ്ലറ്റുകളും ഉറപ്പുനല്‍കുന്നുണ്ട്. നേരത്തെ രാജസ്ഥാനിലെ കോട്ട-നഗ്ഡ സെക്ഷനില്‍ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ വന്ദേഭാരത്-2 തീവണ്ടി മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന റെക്കോഡ് വേഗം പിന്നിട്ടിരുന്നു. 2019 ഫെബ്രുവരി 15 നാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ന്യൂഡല്‍ഹി-കാണ്‍പൂര്‍-അലഹാബാദ്- വാരാണസി റൂട്ടിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button