കോഴിക്കോട്: സംസ്ഥാനത്തെങ്ങും തെരുവുനായ ആക്രമണമാണ്. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം ബസിനുള്ളിൽ കയറി യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ തെരുവുനായ കടിച്ചതടക്കം നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, വ്യത്യസ്തമായൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. വഴിയേപോയ നായയെ ഒരാൾ പ്രകോപിപ്പിച്ച് കടി വാങ്ങുകയും ശേഷം കൂടിനിന്നവർ നായയെ തല്ലി ചതയ്ക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല.
അതേസമയം, പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വന്ന യാത്രക്കാരെ ആക്രമിച്ച തെരുവുനായ ചത്തു. സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിച്ച നായയുടെ ആക്രമണം മിനി സിവിൽ സ്റ്റേഷൻ വരെ നീണ്ടു. റോഡിൽ കൂടി നടന്നു പോയവരെ പ്രകോപനമൊന്നുമില്ലാതെ നായ അക്രമിക്കുകയായിരുന്നു. കടിയേറ്റ ആർക്കും വലിയ മുറിവുകളില്ല.
ഇന്നലെ പുലർച്ചയോടെയാണു വെട്ടിപ്രം ഭാഗത്തു നിന്നു കഴുത്തിൽ ബെൽറ്റുള്ള നായ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. പത്തനംതിട്ട–അടൂർ റൂട്ടിലോടുന്ന ബസിൽ കയറി യാത്രക്കാരനെ കടിച്ച നായ സ്റ്റാൻഡിലെ ബെഞ്ചിലിരിക്കുകയായിരുന്ന വിദ്യാർത്ഥികളെയും വഴിയേ പോയവരെയും കടിച്ചു. നായയുടെ പരാക്രമം കണ്ടു കടയുടെ മുന്നിലുണ്ടായിരുന്നവർ ചിതറിയോടി. കെഎസ്ആർടിസി ബസിലേക്കു ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ റോഡിൽ തെറിച്ചു വീണ നായ അൽപ സമയത്തിനു ശേഷം ചത്തു.
Post Your Comments