റാന്നി: ഇന്ത്യൻ സൈനിക വിഭാഗമായ ജി.ആർ. ഇ.എഫിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ സുനിൽ ലാൽ (48) ആണ് അറസ്റ്റിലായത്. റാന്നി സമരമുക്ക് സ്വദേശി സുരേഷ് കുമാറിൽ നിന്ന് 50,000 രൂപയും ബന്ധുക്കളിൽ നിന്ന് 1.25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
സമാന തട്ടിപ്പ് നടത്തി റാന്നിയിൽ ഒളിവിൽ കഴിയവെയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. ഒളിവിൽ കഴിയവെ പരിചയപ്പെട്ട സുരേഷ് കുമാറിനെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് തുക തട്ടിയെടുക്കുകയായിരുന്നു. സുനിൽ ലാൽ സ്വന്തം മരുമകന്റെ അക്കൗണ്ടിലേക്കാണ് പണം അയപ്പിച്ചിരുന്നത്. ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. തട്ടിപ്പ് മനസ്സിലായവർ പൊലീസിന് പരാതി നൽകുകയും തുടർന്ന്, പ്രതി കുടുംബസമേതം ഒളിവിൽ പോവുകയുമായിരുന്നു.
Read Also : വഴിയേ പോയ നായയെ പ്രകോപിപ്പിച്ച് കടി വാങ്ങി, കൂടി നിന്ന നാട്ടുകാരുടെ കണ്ണിൽ നായ കുറ്റക്കാരൻ: വൈറൽ വീഡിയോ
തുടർന്ന്, പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇൻസ്പെക്ടർ എം.ആർ. സുരേഷ്, എ.എസ്.ഐ കൃഷ്ണൻകുട്ടി, സലാം, സുമിൽ, അജാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments