തിരുവനന്തപുരം: ശിവശങ്കറിന്റെ പുസ്തകമല്ല ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, ശിവശങ്കർ എന്താണെന്ന തിരിച്ചറിവാണെന്ന് സ്വപ്ന സുരേഷ്. താലികെട്ടി , വൈകാരികമായി അദ്ദേഹം ചതിക്കുകയായിരുന്നുവെന്നും ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു സ്വപ്നയുടെ പ്രതികരണം. സ്വപ്നയുടെ വാക്കുകളിലേക്ക്- ശിവശങ്കർ സാറിന്റെ പുസ്തകമായിരുന്നില്ല തന്നെ വേദനിപ്പിച്ചത്. അദ്ദേഹം എന്താണെന്നുള്ള തിരിച്ചറിവായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ജീവിക്കാമെന്നല്ല, വയസ് കാലത്ത് നോക്കാമെന്നാണ് പറഞ്ഞത്.
പുള്ളിക്കാരന്റെ കൂടെ കല്യാണം കഴിച്ച് മക്കളേം പ്രസവിച്ച് ചപ്പാത്തി ഉണ്ടാക്കി ജീവിക്കാമെന്നല്ല ചിന്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ മോശമാകുന്ന അവസരത്തിൽ അദ്ദേഹത്തെ പരിചരിക്കാൻ തയ്യാറാണെന്നായിരുന്നു താൻ പറഞ്ഞത്. കുഞ്ഞിലെ മുതൽ താൻ അനുഭവിച്ചതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരും സൗഭാഗ്യത്തിന്റെ നടുവിൽ ജനിക്കണമെന്നില്ലല്ലോ. ഞാൻ അങ്ങനെയാണ് ജനിച്ചതെങ്കിൽ കൂടിയും അതിൽ മുള്ളുകളും ഉണ്ടായിരുന്നു.
വിശ്വസിച്ചിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ, ഒരു സ്ത്രീ എന്ന നിലയിൽ മനുഷ്യനെന്ന നിലയിൽ തന്നെ ഏറെ ചൂഷണം ചെയ്തുവെന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. ഒരിക്കൽ പോലും ചതിക്കപ്പെടുമെന്ന് തോന്നിയില്ല. ഭർത്താവിൻറെ കൂടെ 30 വർഷം ജീവിച്ചു. ഡിവോഴ്സ് നടക്കുമെന്ന മുൻവിധിയോടെ ജീവിക്കാൻ പറ്റുമോ? ശിവശങ്കറിനെ ചതിക്കണമെന്നോ അദ്ദേഹത്തിന്റെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യണമെന്നോ ഒരു ചിന്ത എനിക്കില്ലായിരുന്നു. ചെയ്ത് കൊടുക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ അത് തെറ്റല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയാൽ എന്തിന് ഞാൻ ആശങ്കപ്പെടണം.
ഞാൻ കേരള സർക്കാരിന്റെ ഒരു ഉദ്യോഗസ്ഥയല്ല, അതുകൊണ്ട് തന്നെ അതിൽ എനിക്ക് ഭയമൊന്നുമില്ലായിരുന്നു. ഔദ്യോഗിക കാര്യങ്ങളിൽ തലയിടരുതെന്ന് ശിവശങ്കർ എപ്പോഴും പറയുമായിരുന്നു. പറയാൻ പറ്റുന്ന കാര്യങ്ങൾ പരസ്പരം പറഞ്ഞിട്ടുണ്ട്’ സ്വപ്ന പറഞ്ഞു. പലതിനും കൂട്ട് നിൽക്കുമ്പോൾ എപ്പോഴെങ്കിലും പിടിക്കപ്പെടുമോയെന്ന ആശങ്ക ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് എല്ലാ ഉറപ്പും നൽകി ഒരാൾ ഉണ്ടാകുമ്പോൾ എന്തിന് ആശങ്കപ്പെടണം എന്നായിരുന്നു സ്വപ്നയുടെ ചോദ്യം. ‘ഞാൻ എന്താണ് ചെയ്തത്? ഞാനാണോ സ്വർണം കടത്തിയത്? ശിവശങ്കർ സാർ ചെയ്ത പോലെ തന്നെയാണ് ഞാനും ചെയ്തത്. ശിവശങ്കർ സാർ എന്നെ ചതിച്ചു, ഞാൻ ബലിയാടായി, സ്പ്രിങ്ക്ളർ ഇടപാടിൽ അദ്ദേഹവും ബലിയാടായി’.
ശിവശങ്കറുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ജീവിതം തിരിച്ച് കിട്ടി. എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഞാൻ പല വലിയ കാര്യങ്ങളും തിരിച്ചറിഞ്ഞു. 15 മാസത്തെ ജയിൽ ജീവിതത്തിനിടയിൽ ഞാൻ പലതും മനസിലാക്കി. ലൈംഗിക താത്പര്യത്തോടെ ഒരാൾ സമീപിക്കുമ്പോൾ നമ്മൾ ജാഗ്രത പുലർത്തും, കാരണം എനിക്ക് അതിന് താത്പര്യമില്ല, പക്ഷേ താലികെട്ടി, വൈകാരികമായി ചതിക്കുമ്പോൾ അതിൽ വീണു പോകും. ഇപ്പോൾ സമാധാനത്തോടെയാണ് ജീവിക്കുന്നത്. എനിക്കൊന്നിച്ച് എന്റെ മക്കളുണ്ട്. മുൻപത്തെ പോലെയല്ല ഇപ്പോൾ ജീവിതം. എന്റെ മകൾ മരുമകൻ എന്റെ മകൻ എല്ലാവരുമായി ജീവിക്കാൻ വേണ്ടി പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കുകയാണ്.
ഇതുവരെയും പ്രതീക്ഷിച്ച പിന്തുണ എവിടെ നിന്നും കിട്ടിയില്ല. അമ്മ പിന്തുണയ്ക്കുന്നത് കൊണ്ട് ജീവനോടെ നിൽക്കുന്നു. മക്കളെ നോക്കേണ്ട ഉത്തരവാദിത്തം ഉള്ളത് കൊണ്ട് ജീവനോടെ ഇരിക്കുന്നു. പലപ്പോഴും ചിന്തിക്കും ഇതൊന്നും വേണ്ട, മതി, ഒരകു കയറിൽ തൂങ്ങിയാമതിയെന്ന് ചിന്തിക്കും, മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ചിലപ്പോൾ ഒറ്റക്കിരിക്കുമ്പോൾ നമ്മൾ തളർന്ന് പോകും. പിന്നെ വീണ്ടും ഫീനിക്സ് പക്ഷിയെ പോലെ കുതിക്കും, മക്കൾക്ക് വേണ്ടി ജീവിക്കണമെന്ന് തോന്നും. ഉടൻ ബാംഗ്ലൂരിൽ പോകും, അവിടെ ജോലി ചെയ്യും. സ്വപ്ന പറയുന്നു.
Post Your Comments