മുംബൈ: സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ‘ദ് കേരള സ്‌റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ വിവാദമാകുന്നു. ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന വിഷയം പ്രമേയമാക്കിയ ദി കേരള സ്റ്റോറിയിൽ അദാ ശര്‍മ്മയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
താന്‍ ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റി ഐഎസ് തീവ്രവാദിയാക്കി മാറ്റിയെന്നും അദാ ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. തന്നെപ്പോലെ 32,000 സ്ത്രീകള്‍ ഇത്തരത്തില്‍ കേരളത്തില്‍ നിന്നും തീവ്രവാദത്തിലേക്കെത്തി ചേര്‍ന്നിട്ടുണ്ടെന്നും അദാ ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രം വ്യക്തമാക്കുന്നു.
അതേസമയം, ചിത്രത്തിന്റെ ടീസറിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിൽ നിന്ന് 32000 പേരെ മതം മാറ്റിയെന്ന കണക്കിനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചിത്രത്തിൽ കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും, കേരളത്തെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇതെന്നും വ്യാപക വിമർശനമാണ് ഉയരുന്നത്. ചിലര്‍ 32,000 പേരെന്ന് കണക്ക് ഉയര്‍ത്തിക്കാണിച്ച് കേരളത്തെ കുറ്റപ്പെടുത്തുന്നുമുണ്ട്.
എന്നാൽ, മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പഴയ വാർത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിന് തെളിവായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാണിക്കുന്നത്. 2010 ജൂലൈ 24ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പോപ്പുലർ ഫ്രണ്ട് കേരളത്തെ മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും 20 വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനാണ് അവർ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കുന്നുണ്ട്.
Post Your Comments