KeralaLatest NewsNews

കുഞ്ഞിന് ജന്മം കൊടുക്കണോയെന്ന തീരുമാനം സ്ത്രീകളുടെ അവകാശം, ഇത്‌ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗം: ഹൈക്കോടതി

കൊച്ചി: കുഞ്ഞിന് ജന്മം കൊടുക്കണോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടന്ന് ഹൈക്കോടതി. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും ഇതിൽ നിന്നും സ്ത്രീകളെ തടയാനാവില്ലന്നും ജസ്റ്റിസ് വി.ജി അരുണ്‍ വ്യക്തമാക്കി. എം.ബി.എ വിദ്യാർത്ഥിനിയുടെ 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകികൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഉത്തരവ് മെഡിക്കൽ ബോർഡ് റിപ്പോർട്ടുൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

സഹപാഠിയിൽ നിന്നും ഗർഭിണിയായ പെൺകുട്ടി കടുത്ത മാനസികാഘാതം അനുഭവിക്കുന്നുണ്ടെന്നും ജീവന് വരെ അപായമുണ്ടായേക്കാമെന്ന പ്രത്യേക മെഡിക്കൽ ബോർഡിന്‍റെ വിലയിരുത്തൽ പരിഗണിച്ചാണ് കോടതി ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നൽകിയത്. ഗർഭിണിയാണന്ന് അറിഞ്ഞത് മുതൽ മാനസികമായി അസ്വസ്ഥത നേരിടുകയാണെന്നും ഇനിയും ഗർഭാവസ്ഥയിൽ തുടരുന്നത് മാനസികാഘാതം വർധിപ്പിക്കുമെന്നും വിദ്യഭ്യാസത്തേയും ജോലി ലഭ്യതയുമടക്കം തന്‍റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കോടതി നിർദേശ പ്രകാരം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് രൂപീകരിച്ച മെഡിക്കൽ ബോർഡാണ് യുവതിയെ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് കുഞ്ഞ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം മാതാവിനാണെന്ന് വിലയിരുത്തി കൊണ്ട് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രികളിലോ ഗര്‍ഭച്ഛിദ്രം നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടപടികള്‍ക്കായി ആശുപത്രി സൂപ്രണ്ട് മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button