ബെംഗളൂരു: ജോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് ഭാര്യയെയും രണ്ടരവയസ്സുള്ള കുഞ്ഞിനെയും വീട്ടില്‍നിന്ന് പുറത്താക്കിയ യുവാവിനെതിരെ കേസ്. ചന്നപട്ടണ മഞ്ജുനാഥ ലേഔട്ട് സ്വദേശി നവീനെതിരെയാണ് കേസ്. ഭാര്യ ശ്രുതിയെയും മകന്‍ റുത്വിക്കിനെയുമാണ് ഇയാൾ പുറത്താക്കിയത്. മൂലം നക്ഷത്രത്തില്‍ പിറന്ന കുഞ്ഞ് കുടുംബത്തില്‍ ദൗര്‍ഭാഗ്യവും ദുരന്തവും കൊണ്ടുവരുമെന്ന് ജോത്സ്യന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഇയാൾ ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയത്.
നവീനോട് പലതവണ കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രുതി ശ്രമിച്ചെങ്കിലും ഇയാൾ ഇതൊന്നും വകവെച്ചില്ല. തുടർന്ന് ഭാര്യ ശ്രുതി രാമനഗര വനിതാ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് നവീനെതിരെ കേസെടുത്തത്. മൂന്നുവര്‍ഷം മുമ്പാണ് നവീനും ശ്രുതിയും വിവാഹിതരായത്. 2020 ജനുവരി 22-ന് ആണ്‍കുട്ടി ജനിച്ചു. അടുത്തിടെ ജോത്സ്യനെ കണ്ടപ്പോള്‍ കുട്ടി ജനിച്ചത് മൂലം നക്ഷത്രത്തിലാണെന്നും അതിനാല്‍ കുടുംബത്തില്‍ ദുരന്തമുണ്ടാകുമെന്നും ഇയാൾ പറഞ്ഞു.
ഇതിനുശേഷം നവീന്റെ സ്വഭാവം മാറി. നവീന്‍ ഭാര്യയെയും മകനെയും നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി. മകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലാന്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നതായി ശ്രുതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments